കണ്ണീരായി കതിരണിഞ്ഞ വാഴകൾ; ചക്കിട്ടപാറയിൽ കർഷകന്റെ സ്വപ്നങ്ങൾ കാറ്റെടുത്തു.
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട ചെമ്പനോട മേലെ അങ്ങാടിയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ബോംബെ പറമ്പിൽ പാട്ടത്തിന് കൃഷി നടത്തിവരുന്ന കുന്നുമ്മൽ സുരേന്ദ്രന്റെ കുലച്ച 150-ഓളം നേന്ത്രവാഴകളാണ് പൂർണ്ണമായും തകർന്നു വീണത്. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ അപ്രതീക്ഷിത കാറ്റിലാണ് കൃഷിയിടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. വിളവെടുപ്പിന് പാകമായ കുലച്ച വാഴകൾ ഒടിഞ്ഞു വീണതോടെ ഏകദേശം 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകൻ പറയുന്നു. കടം വാങ്ങിയും മറ്റും വലിയ പ്രതീക്ഷയോടെ തുടങ്ങിയ കൃഷി പാതിവഴിയിൽ നശിച്ചതിന്റെ സങ്കടത്തിലാണ് ഈ കർഷക കുടുംബം. സംഭവസ്ഥലം പഞ്ചായത്ത് മെംബർ ജിനീഷ് കല്ലുംപുറത്ത് സന്ദർശിച്ചു. കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് കൃത്യമായ നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.