രാജ്യാന്തര വിപണിയിൽ റബ്ബറിന് 'പൊന്ന്' വില; കേരളത്തിൽ കർഷകന് കണ്ണീർ വില;മലയോര മേഖലയിൽ റബ്ബർ ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; മഴമറ സാമഗ്രികൾക്ക് തീവില

 


കൂരാച്ചുണ്ട്: അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില കുതിച്ചുയരുമ്പോഴും കേരളത്തിലെ ആഭ്യന്തര വിപണിയിൽ വില ഉയരാത്തത് മലയോര കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഏറെ നാളുകൾക്ക് ശേഷം ബാങ്കോക്ക് വിപണിയിൽ റബ്ബർ വില കിലോഗ്രാമിന് 250 രൂപ പിന്നിട്ടു. എന്നാൽ ഇതിന്റെ ഗുണം ലഭിക്കേണ്ട കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 218 രൂപ മാത്രമാണ്. രാജ്യാന്തര വിലയുമായി താരതമ്യം ചെയ്യുമ്പോൾ കിലോഗ്രാമിന് 32 രൂപയോളം കുറവിലാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്.

ടയർ കമ്പനികളുടെ പിൻവാങ്ങൽ തിരിച്ചടിയാവുന്നു

സാധാരണയായി വേനൽക്കാലത്ത് ഉത്പാദനം കുറയുമ്പോൾ വില ഉയരാറുള്ളതാണ്. എന്നാൽ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഡിമാൻഡ് കുറയാൻ കാരണമായി. യുദ്ധ സാഹചര്യങ്ങൾ മൂലം കയറ്റുമതിയിൽ ഉണ്ടായ അനിശ്ചിതത്വവും സ്റ്റോക്ക് ചെയ്യുന്നതിലെ നിയന്ത്രണങ്ങളുമാണ് കമ്പനികളെ പിന്നോട്ടടിപ്പിക്കുന്നത്. ആർ.എസ്.എസ് 4 ഗ്രേഡിന് റബ്ബർ ബോർഡ് നിശ്ചയിച്ച 218 രൂപയേക്കാൾ താഴ്ന്ന വിലയ്ക്കാണ് പലയിടങ്ങളിലും വ്യാപാരികൾ ചരക്ക് എടുക്കുന്നത്.

മഴമറയ്ക്കും ഷേഡിനും തീവില; ടാപ്പിംഗ് ചെലവേറും

വിലയിടിവിനൊപ്പം ഉത്പാദന ചെലവ് വർധിക്കുന്നതും കർഷകരുടെ നട്ടെല്ലൊടിക്കുന്നു. മഴക്കാലം മുന്നിൽക്കണ്ട് ടാപ്പിംഗ് തുടരാനായി മഴമറ (റെയിൻ ഗാർഡിംഗ്) ഒരുക്കാൻ ഇത്തവണ വൻ തുക മുടക്കേണ്ടി വരും. യുദ്ധം മൂലം അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതോടെ പ്ലാസ്റ്റിക് ഷീറ്റ്, പശ (അഡസീവ്), ഷേഡ് എന്നിവയ്ക്ക് വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഷീറ്റും ക്രംബും പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കും വില കൂടിയിട്ടുണ്ട്.

"അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കണ്ട് ആശ്വസിക്കാൻ കർഷകർക്ക് കഴിയുന്നില്ല. വിപണിയിൽ വില കുറയുന്നതിനൊപ്പം ടാപ്പിംഗിന് ആവശ്യമായ സാമഗ്രികളുടെ വില ഇരട്ടിയാകുന്നത് താങ്ങാനാവുന്നില്ല."

— ബിജു താന്നിയാനിക്കൽ, റബ്ബർ കർഷകൻ, (കൂരാച്ചുണ്ട് ന്യൂസിനോട് സംസാരിക്കുകയായിരുന്നു)

"അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ നേട്ടം കൊയ്യുന്നത് വൻകിട കമ്പനികളാണ്. കേരളത്തിലെ സാധാരണ കർഷകർക്ക് ഇന്നും ലഭിക്കുന്നത് തുച്ഛമായ വില മാത്രമാണ്. വളത്തിനും മഴമറയ്ക്കും വില കുതിച്ചുയരുമ്പോൾ റബ്ബർ വെട്ടി ലാഭമുണ്ടാക്കാമെന്നത് വെറും മോഹം മാത്രമായി മാറുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട് തറവില ഉയർത്തിയില്ലെങ്കിൽ മലയോര മേഖലയിലെ റബ്ബർ കൃഷി പൂർണ്ണമായും നശിച്ചുപോകും."   ജോസഫ് വടക്കേടത്ത്, റബ്ബർ കർഷകൻ,  കൂരാച്ചുണ്ട് ന്യൂസി്ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു 


വ്യവസായ മേഖലയിലും നിശ്ചലാവസ്ഥ

റബ്ബർ അധിഷ്ഠിത വ്യവസായങ്ങളെയും പ്രതിസന്ധി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. രാസവസ്തുക്കളുടെയും നൂലുകളുടെയും കമ്പികളുടെയും ഇറക്കുമതി തടസ്സപ്പെട്ടതോടെ പല ചെറുകിട ഫാക്ടറികളുടെയും പ്രവർത്തനം നിലച്ചു. ഗ്യാസിൽ പ്രവർത്തിക്കുന്ന ക്രംബ് ഫാക്ടറികൾ പകുതിയും അടച്ചുപൂട്ടിയതോടെ ഒട്ടുപാലിന്റെ വിലയും ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലെയും പനാമ കനാലിലെയും ഗതാഗത തടസ്സങ്ങൾ മൂലം ചരക്ക് നീക്കത്തിന് വലിയ സമയവും പണവും അധികമായി വേണ്ടിവരുന്നത് ടയർ നിർമ്മാണ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റമുണ്ടാകില്ലെന്ന വ്യാപാരികളുടെ പ്രവചനം കർഷകരെ കൂടുതൽ ആശങ്കയിലാഴ്ത്തുകയാണ്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി