കുവൈത്തിലെ ജല പ്ലാന്റിന് നേരെ ഡ്രോൺ ആക്രമണം: കരാർ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ഊർജിതം

 


 



കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ ജല-വൈദ്യുത പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കരാർ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ മുത്തുകുളത്തൂർ സ്വദേശി സന്താന സെൽവം കൃഷ്ണൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മേഖലയെ നടുക്കിയ ആക്രമണം ഉണ്ടായത്.

കൊല്ലപ്പെട്ട സന്താന സെൽവത്തിന്റെ മൃതദേഹം എത്രയും വേഗം ജന്മനാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാനപതി ഇന്ന് കുവൈത്ത് സെൻട്രൽ മോർച്ചറി സന്ദർശിക്കുകയും തുടർനടപടികൾ വിലയിരുത്തുകയും ചെയ്തു.

കുവൈത്ത് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുൽറഹീം അൽ ആവാദിയുമായി സ്ഥാനപതി കൂടിക്കാഴ്ച നടത്തി. ദുരന്തം റിപ്പോർട്ട് ചെയ്ത സമയം മുതൽ മൃതദേഹം തിരിച്ചറിയുന്നതിനും നിയമനടപടികൾ ലഘൂകരിക്കുന്നതിനും കുവൈത്ത് അധികൃതർ നൽകുന്ന പിന്തുണയ്ക്ക് സ്ഥാനപതി നന്ദി അറിയിച്ചു.

ശുഐബയിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന്  നാശനഷ്ടങ്ങൾ സംഭവിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയ വക്താവ് ഫാത്തിമ ഹയാത്ത് സ്ഥിരീകരിച്ചു. സ്വകാര്യ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട സെൽവം.


മരിച്ച തൊഴിലാളിയുടെ കുടുംബവുമായി എംബസി അധികൃതർ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായും സുരക്ഷാ ഏജൻസികളുമായും നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും, നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി