ജോലി നൽകിയില്ല, പകരം ഹോട്ടലിൽ മോഷണം; മണ്ണാർക്കാട് സ്വദേശി മുക്കം പോലീസിന്റെ പിടിയിൽ


 മുക്കം: നോർത്ത് കാരശേരിയിലെ 'പുഴയോരം' ഹോട്ടലിൽ മോഷണം നടത്തിയ മണ്ണാർക്കാട് തെങ്കര സ്വദേശി തരിശിൽ സുരേഷ് (37) പിടിയിലായി. മുക്കം സബ് ഇൻസ്‌പെക്ടർ കെ. ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട് ചന്ദ്രനഗറിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജോലി നൽകാത്തതിലുള്ള വിരോധമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

ഈ മാസം ഒമ്പതിന് പുലർച്ചെയായിരുന്നു കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്തെ ഹോട്ടലിൽ മോഷണം നടന്നത്. മോഷണത്തിന് ഒരു ദിവസം മുൻപ് സുരേഷ് ഈ ഹോട്ടലിൽ ജോലി ചോദിച്ചെത്തിയിരുന്നു. എന്നാൽ, ജോലി നൽകുന്നതിന് മുൻപായി കൃത്യമായ വിലാസവും തിരിച്ചറിയൽ രേഖകളും നൽകണമെന്ന് ഹോട്ടലുടമ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി, അന്ന് രാത്രി തന്നെ ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തുകയായിരുന്നു.

മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വലയിലാക്കിയത്.

പിടിയിലായ സുരേഷ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിലെ ആറോളം പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് സിറ്റിയിലും ഇയാൾക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. മുക്കം പോലീസ് ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം എസ്‌.ഐ ശ്രീരാഗിനൊപ്പം സി.പി.ഒമാരായ ഷെരീഫ്, പ്രശോഭ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി