കുരിശിന്റെ പാതയിൽ തളരാത്ത പാദങ്ങളുമായി; ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കി; വിശ്വാസത്തിന്റെ കരുത്തിൽ ഒരു മലയോര സംഗമം





കൂരാച്ചുണ്ട്: വലിയ നോമ്പാചരണത്തിന്റെ ഭാഗമായി നടന്ന ഒമ്പതാമത് കുളത്തുവയൽ തീർഥാടനം വിശ്വാസനിറവിൽ പൂർത്തിയായി. താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകിയ തീർഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്.

താമരശേരി മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച പദയാത്ര, കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ സമാപിച്ചു. നാൽപ്പതാം വെള്ളിയാഴ്ചയുടെ പുണ്യവുമായി മലയോര മേഖലയിലെ വിവിധ ഫൊറോനകളിൽ നിന്നും ഇടവകകളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തി.

ത്യാഗത്തിൻ്റെ വഴികൾ ദൈവത്തിൻ്റെ വഴികൾ: ഫാ. കുര്യൻ താന്നിക്കൽ

സമാപനത്തോടനുബന്ധിച്ച് നടന്ന പീഢാനുഭവ സന്ദേശത്തിൽ താമരശേരി സെൻ്റ് അൽഫോൻസ മൈനർ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കൽ വചനപ്രഘോഷണം നടത്തി. ദൈവത്തിന്റെ വഴികൾ എപ്പോഴും സന്തോഷത്തിന്റേതാകണമെന്നില്ലെന്നും, സഹനങ്ങളിലൂടെയും ത്യാഗത്തിലൂടെയും മാത്രമേ ദൈവഹിതം തിരിച്ചറിയാൻ കഴിയൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"നമ്മുടെ ജീവിതത്തിലെ വേദനകളെ രക്ഷാകരമാക്കി മാറ്റി ക്രിസ്തുവിനൊപ്പം നടക്കേണ്ടവരാണ് നമ്മൾ. യേശുവിന്റേത് കുരിശിന്റെ വഴിയാണെന്ന് നാം തിരിച്ചറിയണം. സ്നേഹത്തെ വിപ്ലവമാക്കി മാറ്റിയ ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് സഹനങ്ങളിലൂടെ മാത്രമേ രക്ഷ സ്വന്തമാക്കാൻ സാധിക്കൂ എന്ന വലിയ പാഠമാണ് ഈ തീർഥാടനം നൽകുന്നത്," അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളിത്തം

രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട്, കുളത്തുവയൽ തീർഥാടന കേന്ദ്രം റെക്ടർ ഫാ. ഡോ. തോമസ് കളരിക്കൽ, ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. ജോസ് പെണ്ണാപ്പറമ്പിൽ, ഫാ. സായി പാറൻകുളങ്ങര, ഫാ. അഭിലാഷ് ചിലമ്പിക്കുന്നേൽ, ഫാ. മിൽട്ടൺ മുളങ്ങാശേരി, ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, ഫാ. ജെയിംസ് കുഴിമറ്റത്തിൽ, ഫാ. ജോസഫ് പാലക്കാട്ട്, ഫാ. അന്വേഷ് പാലക്കീൽ, ഫാ. ജേക്കബ് തിട്ടയിൽ, ഫാ. ജോൺ കോനുക്കുന്നേൽ തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

വിലങ്ങാട്, മരുതോങ്കര ഫൊറോനകളിൽ നിന്നും ചെമ്പനോട, പെരുവണ്ണാമൂഴി, മുതുകാട്, ചക്കിട്ടപാറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള വിശ്വാസികളും തീർഥാടനത്തിൽ അണിചേർന്നു. മരുതോങ്കര ഫൊറോന വികാരി ഫാ. ആൻ്റോ മൂലയിൽ, ഫാ. ഡൊമിനിക് മുട്ടത്തുകുടി, ഫാ. ജോർജ് വരിക്കാശേരി, ഫാ. ഏബ്രഹാം വള്ളോപ്പള്ളി, ഫാ. കുര്യാക്കോസ് കൊച്ചുകയ്പ്പേൽ, ഫാ. മാത്യു ചെറുവേലിൽ, ഫാ. പ്രിയേഷ് തേവടിയിൽ എന്നിവർ വിവിധ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി. വൈദികർ, സന്യസ്തർ, സെമിനാരി വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരടക്കം വലിയൊരു വിശ്വാസിസമൂഹം കുരിശിന്റെ വഴിയിൽ പങ്കാളികളായി.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി