കടലെടുത്ത പ്രവാസി സ്വപ്നങ്ങൾ; കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു;വേലിയേറ്റത്തിൽ പൂർണ്ണമായി വാഹനം മുങ്ങി
വെല്ലിങ്ടൺ: പ്രവാസലോകത്തെ നടുക്കി ന്യൂസിലാൻഡിലെ വെല്ലിങ്ടണിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി താന്നിപ്പുഴ ഇഞ്ചിപറമ്പൻ പോളിന്റെ മകൻ പ്രിൻസ് പോൾ (35) ആണ് അന്തരിച്ചത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയും മരണപ്പെട്ടതായാണ് വിവരം.
ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വെല്ലിങ്ടണിലെ മാക്കറ ബീച്ച് റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വളവുകൾ നിറഞ്ഞതും അപകടസാധ്യതയേറിയതുമായ ഈ റോഡിൽ വെച്ച് പ്രിൻസ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മൂന്ന് മീറ്ററോളം താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കടലിനോട് ചേർന്നുള്ള ഭാഗമായതിനാൽ അപകടസമയത്ത് വേലിയേറ്റം ഉണ്ടായതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെ വാഹനം പൂർണ്ണമായും വെള്ളത്തിനടിയിലായി. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തുമ്പോഴേക്കും കാർ പൂർണ്ണമായും മുങ്ങിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ന്യൂസിലാൻഡ് പോലീസ് സ്ഥിരീകരിച്ചു.
മികച്ച ജീവിതം ലക്ഷ്യമിട്ട് 2015-ലാണ് പ്രിൻസ് ന്യൂസിലാൻഡിലേക്ക് കുടിയേറിയത്. കഠിനാധ്വാനവും വിനയപൂർവ്വമായ പെരുമാറ്റവും കൊണ്ട് വെല്ലിങ്ടണിലെ മലയാളി സമൂഹത്തിനിടയിൽ പ്രിൻസ് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം നാട്ടിലെയും പ്രവാസലോകത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുപോലെ ശോകമൂകമാക്കി.
പ്രിൻസിന്റെ മരണം ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വലിയ അനാഥത്വത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അപകടത്തെ തുടർന്ന് മാക്കറ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. മൃതദേഹങ്ങൾ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

Comments
Post a Comment