നാടിനെ നടുക്കി 'ഫ്രിഡ്ജ്' കൊലപാതകം: പ്രണയം പകയായി, ഒടുവിൽ കൊടുംക്രൂരത
വിശാഖപട്ടണം: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഐ.എൻ.എസ് ഡേഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് തന്റെ സുഹൃത്തായ പോളിപ്പള്ളി മൗനിക (29) എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി തന്നെ പോലീസിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രവീന്ദ്രയുടെ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് മൗനികയെ ഇയാൾ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഉച്ചയോടെ എത്തിയ ഇരുവരും തമ്മിൽ വൈകുന്നേരത്തോടെ രൂക്ഷമായ തർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലെത്തുകയും പ്രകോപിതനായ രവീന്ദ്ര മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ക്രൂരമായ മാർഗ്ഗങ്ങളാണ് പ്രതി സ്വീകരിച്ചത്. മൗനികയുടെ ശരീരം പല കഷ്ണങ്ങളാക്കി മുറിച്ചു. ചില ശരീരഭാഗങ്ങൾ ബാഗിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ബാക്കി ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്‌ജിനുള്ളിലും വീടിന്റെ വിവിധ ഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന നിലയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. എന്നാൽ മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ തുടരുകയാണ്.
2021-ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ കൈക്കലാക്കിയെന്നും പണം തിരികെ ചോദിക്കുമ്പോൾ ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു. ഈ സാമ്പത്തിക തർക്കവും ബ്ലാക്ക് മെയിലിംഗുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Comments
Post a Comment