പിതാവിനെ യാത്രയാക്കാൻ മകനെത്തി,അപതീക്ഷിതമായി മകനും യാത്രയായി ; നിരണത്ത് പിതാവിനും മകനും ഒരേ പന്തലിൽ വിടചൊല്ലും.
തിരുവല്ല: പിതാവിന്റെ വേർപാടിൽ അന്ത്യോപചാരമർപ്പിക്കാൻ പ്രവാസലോകത്തുനിന്നെത്തിയ മകൻ ഹൃദയാഘാതം മൂലം മരിച്ചു. നിരണം പണിക്കശ്ശേരിൽ പി.ജി. ഡാനിയേലിന്റെ (80) മകൻ എബ്രഹാം ഡാനിയേൽ (40) ആണ് മരിച്ചത്. പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് മകന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയത്.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്ന പി.ജി. ഡാനിയേൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്തരിച്ചത്. പിതാവിന്റെ മരണവാർത്തയറിഞ്ഞ് ദുബായിൽ നിന്ന് മറ്റ് രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് എബ്രഹാം ചൊവ്വാഴ്ച നാട്ടിലെത്തിയത്. ശനിയാഴ്ച സംസ്‌കാരം നിശ്ചയിച്ചിരുന്നതിനാൽ വീട്ടിൽ നടന്നുവന്ന കുടുംബ പ്രാർത്ഥനകളിൽ എബ്രഹാമും സജീവമായിരുന്നു.
വ്യാഴാഴ്ച രാത്രി പ്രാർത്ഥന കഴിഞ്ഞ് ഉറങ്ങാൻ കിടന്ന എബ്രഹാമിന് അർധരാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് എബ്രഹാം.
നെടുമ്പ്രം പയ്യങ്കേരിൽ പരേതയായ ശാന്തമ്മയാണ് മാതാവ്. മകൻ: റോഷ്. സഹോദരങ്ങൾ: നിഷാദ്, നിഷ സാബു (ചാത്തങ്കരി).
പിതാവിന്റെയും മകന്റെയും സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 11.30-ന് നിരണം വലിയ പള്ളിയിൽ (സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ) വെച്ച് ഒരേസമയം നടക്കും
.

Comments
Post a Comment