വിവാഹം കഴിക്കാൻ നിർബന്ധിച്ചു; സഹപ്രവർത്തകയെ കൊന്നു പാറമടയിൽ കെട്ടിത്താഴ്ത്തി യുവാവ്
ശിവഗംഗ: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയ 52-കാരിയെ 21-കാരനായ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പാറമടയിൽ തള്ളി. തമിഴ്‌നാട്ടിലെ ശിവഗംഗ സൊട്ടതട്ടി സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മധുര സ്വദേശിയായ ശരവണകുമാറിനെ (21) പോലീസ് അറസ്റ്റ് ചെയ്തു.
കെട്ടിട നിർമ്മാണ തൊഴിലാളിയായ സരസ്വതിയെ കഴിഞ്ഞ ഫെബ്രുവരി 11 മുതലാണ് കാണാതായത്. സഹോദരിയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സരസ്വതിയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ സഹപ്രവർത്തകനായ ശരവണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. തുടർന്ന് ഒളിവിലായിരുന്ന യുവാവിനെ കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം കഴിക്കണമെന്ന് സരസ്വതി നിർബന്ധിക്കാൻ തുടങ്ങിയതോടെ ബന്ധത്തിൽ വിള്ളലുണ്ടായി. ഫെബ്രുവരി 11-ന് സരസ്വതിയെ ശരവണകുമാർ കൂടകോവിലിലെ ഒരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ചും വിവാഹത്തെച്ചൊല്ലി തർക്കമുണ്ടായതോടെ പ്രകോപിതനായ യുവാവ് സരസ്വതിയെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സരസ്വതിയുടെ മൃതദേഹം സമീപത്തെ വെള്ളം നിറഞ്ഞ ക്വാറിയിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. ഒരു മാസത്തോളം കൊലപാതക വിവരം പുറത്തറിയാതെ പ്രതി ഒളിവിൽ കഴിഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ക്വാറിയിൽ നിന്നും സരസ്വതിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കി.

Comments
Post a Comment