കൊടുവള്ളിയിൽ തർക്കം, താമരശ്ശേരിയിൽ കൂട്ടത്തല്ല്; കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സംഘർഷം, 6 പേർ ആശുപത്രിയിൽ
താമരശ്ശേരി: കൊടുവള്ളിയിലുണ്ടായ വാഹന അപകടത്തെച്ചൊല്ലി കെ.എസ്.ആർ.ടി.സി ജീവനക്കാരും കാർ യാത്രക്കാരും തമ്മിലുണ്ടായ തർക്കം താമരശ്ശേരി ഡിപ്പോയിൽ സംഘർഷത്തിന് വഴിമാറി. സംഭവത്തിൽ അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു സഞ്ചരിച്ച കാറിൽ ബസ് ഇടിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
കൊടുവള്ളിയിലെ കടുത്ത ഗതാഗതക്കുരുക്കിനിടെ കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് എടുക്കുമ്പോൾ മാജുഷ് മാത്യുവിന്റെ കാറിൽ തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് നിർത്താതെ പോയതോടെ മാജുഷ് മാത്യുവും സംഘവും കാറിൽ ബസിനെ പിന്തുടർന്നു. താമരശ്ശേരിക്ക് സമീപം പരപ്പൻപൊയിലിൽ വെച്ച് ഇവർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന്, പ്രശ്നം താമരശ്ശേരി ഡിപ്പോയിൽ വെച്ച് സംസാരിച്ച് തീർക്കാമെന്ന ധാരണയിൽ ബസ് ഡിപ്പോയിലേക്ക് വിട്ടു.
ഡിപ്പോയിലെത്തിയ ശേഷവും ഇരുവിഭാഗവും തമ്മിലുള്ള തർക്കം തുടർന്നു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാജുഷ് മാത്യു ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമാവുകയും ആളുകൾ തടിച്ചുകൂടുകയും ചെയ്തു. ഇതിനിടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ കൈയിൽ നിന്നും അണ്ടോണ സ്വദേശി വസീം ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച വസീമിനെ ജീവനക്കാർ ചേർന്ന് പിടികൂടുകയും മർദ്ദിക്കുകയുമായിരുന്നു എന്ന് പറയപ്പെടുന്നു. സംഘർഷത്തിൽ പരിക്കേറ്റ വസീമിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ പരിക്കേറ്റതായി കാണിച്ച് അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി. ബസ് ഡ്രൈവർ സി.കെ. അബ്ദുൽ റസാഖ്, കണ്ടക്ടർ ബിപിൻ ദാസ്, ഡിപ്പോയിലെ മറ്റ് ജീവനക്കാരായ അക്ബർ, അബ്ദുൽ ലത്തീഫ്, ദിലീപ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment