16 കിലോ ഭാരം വരേണ്ട സിലിണ്ടറിൽ 22 കിലോ വെള്ളം! അടുക്കളയിലും ചതി; ഗ്യാസിന് പകരം സിലിണ്ടറിൽ ചളിവെള്ളം
കൊച്ചി: അടുക്കളയിൽ സിലിണ്ടർ മാറ്റുന്നതിനിടെ വീട്ടമ്മയെ കാത്തിരുന്നത് ഞെട്ടിക്കുന്ന വഞ്ചന. സിലിണ്ടർ തുറന്നപ്പോൾ പാചകവാതകത്തിന് പകരം പുറത്തേക്ക് വന്നത് കലക്കവെള്ളവും ചളിയും. സിലണ്ടറിനുള്ളിൽ ഗ്യാസിന് പകരം വെള്ളം നിറച്ച് തൂക്കം കൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾ സജീവമാണെന്ന പരാതി ശരിവെക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിച്ച സിലിണ്ടറിലാണ് ഈ വലിയ ക്രമക്കേട് കണ്ടെത്തിയത്. സിലിണ്ടർ അടുപ്പിൽ ഘടിപ്പിച്ചിട്ടും കത്താത്തതിനെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സീൽ പൊട്ടിച്ച് റെഗുലേറ്റർ ഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ വാതകത്തിന് പകരം ചളിവെള്ളം പുറത്തേക്ക് വരികയായിരുന്നു.
സാധാരണയായി ഒരു സിലിണ്ടറിന് ഉണ്ടായിരിക്കേണ്ട ഭാരത്തിലും വലിയ വ്യത്യാസമാണ് ഇതിൽ കണ്ടെത്തിയത്. ഏകദേശം 16 കിലോയോളം (കാലി സിലിണ്ടറിൻ്റെ ഭാരം ഉൾപ്പെടെ) ഭാരം വരേണ്ട സ്ഥാനത്ത്, തൂക്കി നോക്കിയപ്പോൾ 22 കിലോയിലധികം ഭാരമുണ്ടായിരുന്നു. സംശയം തോന്നി സിലിണ്ടർ ചെരിച്ചുപിടിച്ചപ്പോൾ വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകി. ഗ്യാസിന് പകരം വെള്ളം നിറച്ച് തൂക്കം കൃത്രിമമായി വർദ്ധിപ്പിച്ചതാണെന്ന് ഇതിലൂടെ വ്യക്തമായി.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നിത്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പാചകവാതക വിതരണത്തിൽ പോലും ഇത്രയും വലിയ അനാസ്ഥയും വഞ്ചനയും നടക്കുന്നത് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഗ്യാസ് ഏജൻസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ
സിലിണ്ടറിൻ്റെ വാൽവിലുള്ള സുരക്ഷാ സീൽ പൊട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
വിതരണക്കാരുടെ പക്കലുള്ള തൂക്ക മെഷീൻ ഉപയോഗിച്ച് സിലിണ്ടറിൻ്റെ ഭാരം കൃത്യമാണോ എന്ന് പരിശോധിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്.
സംഭവത്തിൽ ഏജൻസിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് വീട്ടമ്മയും നാട്ടുകാരും. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഈ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Comments
Post a Comment