മകളുടെ കാർ തേടിയിറങ്ങിയ പിതാവ് കണ്ടത് തകർന്ന സ്വപ്നങ്ങൾ

 



ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മെഡിക്കൽ സമൂഹത്തെ നടുക്കി യുവ ഡോക്ടറുടെ ദുരൂഹമരണം. ഹരിയാന അംബാല സ്വദേശിനിയായ തൻവി (23) ആണ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ തന്റെ മകൾ പഠിച്ചിരുന്ന കോളേജിലെ വിഭാഗം മേധാവിക്ക് (HOD) പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തി.

പിതാവിന്റെ തിരച്ചിൽ അവസാനിച്ചത് തകർന്ന കാർ ചില്ലുകൾക്ക് മുന്നിൽ

മാർച്ച് 25 രാത്രി 12:30-ഓടെ താൻ വീട്ടിലെത്തുമെന്ന് തൻവി പിതാവ് ലളിത് മോഹന് സന്ദേശം അയച്ചിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ പരിഭ്രാന്തനായ പിതാവ് അംബാലയിൽ നിന്ന് ഡെറാഡൂണിലേക്ക് തിരിക്കുകയായിരുന്നു. യാത്രാമധ്യേ പട്ടേൽ നഗറിലെ പാർക്കിന് സമീപം റോഡരികിൽ തൻവിയുടെ കാർ കണ്ടെത്തുകയായിരുന്നു. ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്ന കാറിന്റെ ചില്ല് തകർത്താണ് അബോധാവസ്ഥയിലായിരുന്ന തൻവിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

'തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'; മാനസിക പീഡനം ആരോപിച്ച് കുടുംബം

തൻവിയുടെ മരണത്തിന് ഉത്തരവാദി കോളേജിലെ മുതിർന്ന ഡോക്ടറാണെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. ഇതുസംബന്ധിച്ച് പട്ടേൽ നഗർ പോലീസിൽ ലളിത് മോഹൻ പരാതി നൽകി.

 പഠനത്തിൽ മികവ് പുലർത്തിയിരുന്ന തൻവിയെ പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് എച്ച്.ഒ.ഡി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. മുതിർന്ന ഡോക്ടറുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം കാരണം തൻവി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇതിനുപിന്നാലെ പെൺകുട്ടിയുടെ മാർക്കുകൾ കുറയാൻ തുടങ്ങിയതായും പിതാവ് ആരോപിക്കുന്നു. അക്കാദമിക് കാര്യങ്ങൾ പറഞ്ഞ് സാമ്പത്തികമായി ബുദ്ധിമുട്ടിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്.

പിതാവിന്റെ പരാതിയിൽ മുതിർന്ന ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പട്ടേൽ നഗർ പോലീസ് അറിയിച്ചു. തൻവിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മരണത്തിന് തൊട്ടുമുൻപുള്ള കോളുകളും സന്ദേശങ്ങളും കേസിൽ നിർണ്ണായകമാകും. സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വരും ദിവസങ്ങളിൽ മൊഴിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി