കാളങ്ങാലിയിൽ ആളിപ്പടർന്ന് തീ; കാളങ്ങാലിയെ കാത്തത്ത് നാടിന്റെ ഒരുമ; ഉണർന്നു പ്രവർത്തിച്ച് നാട്ടുകാരും അഗ്നിശമന സേനയും.

 


കൂരാച്ചുണ്ട്: കാളങ്ങാലി മേഖലയിൽ കൃഷിയിടത്തിലുണ്ടായ ആളിപ്പടർന്ന തീപിടിത്തം നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സംയുക്തമായ ഇടപെടലിനെത്തുടർന്ന് അണച്ചു. ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്തെ കർഷകനായ നാക്കുഴിക്കാട്ട് ജെയിംസിന്റെ കൃഷിയിടത്തിൽ തീപിടിത്തമുണ്ടായത്. പെട്ടെന്നുണ്ടായ തീ സമീപത്തെ പറമ്പുകളിലേക്ക് വ്യാപിക്കാൻ തുടങ്ങിയത് പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി.

ശക്തമായ കാറ്റും വേനൽചൂടിൽ ഉണങ്ങിക്കിടന്ന പുല്ലും തീ അതിവേഗം പടരാൻ കാരണമായി. എന്നാൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ സംഘടിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. എങ്കിലും സമീപവാസിയായ ഏരിമറ്റത്തിൽ ജോസിന്റെ റബ്ബർ തോട്ടത്തിന് തീപിടിത്തത്തിൽ നേരിയ നാശം സംഭവിച്ചിട്ടുണ്ട്.

വിവരമറിഞ്ഞതിനെത്തുടർന്ന് പേരാമ്പ്രയിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചേർന്ന് പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാട്ടുകാരായ മനോജ് കരിമാന്തടം, ജോണി മലേപ്പറമ്പിൽ, ജോയൽ ഏറത്തേൽ, ജോബി പനയ്ക്കവയൽ, ബെന്നി ഏറത്തേൽ, സുനിൽ ചേന്ദംകുളം, ബേബി ഏറത്തേൽ എന്നിവർ നേതൃത്വം നൽകി.

വാർഡ് മെമ്പർ വി.കെ. ഹസീന, കെ.ജി. അരുൺ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വേനൽ കടുക്കുന്ന സാഹചര്യത്തിൽ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്നും ഉണങ്ങിയ പുല്ലിനും മറ്റും തീയിടുന്നത് ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി