വിലാങ്ങാട് ഷൂട്ട് ചെയ്ത ‘അജ:സുന്ദരി’ സിനിമാ വിവാദത്തിൽ വൻ വഴിത്തിരിവ്; വ്യാപാരികളുടെ പണം തട്ടിയെടുത്ത സജിത്തിനെതിരെ കേസ്; നഷ്ടം നികത്തുമെന്ന് ആഷിക് അബു
വിലാങ്ങാട്: കോഴിക്കോട് വിലാങ്ങാട് ചിത്രീകരണം നടന്ന 'അജ:സുന്ദരി' എന്ന മലയാള സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ സാമ്പത്തിക വഞ്ചനാ ആരോപണവുമായി പ്രാദേശിക വ്യാപാരികൾ രംഗത്ത്. സിനിമയുടെ ഷൂട്ടിംഗിനെത്തിയ സംഘം തങ്ങളിൽ നിന്ന് വാങ്ങിയ സാധനങ്ങൾക്ക് മുഴുവൻ പണവും നൽകാതെ മുങ്ങിയെന്നാണ് വ്യാപാരികളുടെ പരാതി. സംഭവത്തിൽ വിലാങ്ങാട്ടെ നാല് കടയുടമകൾക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായതായാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. സിനിമാസെറ്റിലുള്ളവർ സാധനങ്ങൾ വാങ്ങിച്ച് ഉപയോഗിച്ചിട്ട് അവസാനം പണം നൽകാതെ പറ്റിച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു.
എന്നാൽ സിനിമാ നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ഒപിഎം സിനിമാസിനെതിരെ ഉയർന്ന വിവാദത്തിൽ, നിർമ്മാതാവ് ആഷിക് അബു തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്. പ്രാദേശികമായി ചുമതലപ്പെടുത്തിയ ലൈൻ പ്രൊഡ്യൂസർ (സജിത്ത്) തുക വ്യാപാരികൾക്ക് നൽകാതെ കൃത്രിമം കാണിച്ചതാണെന്ന് ആഷിക് അബു വ്യക്തമാക്കി.
‘25 ലക്ഷം രൂപ കൈമാറി, തട്ടിപ്പ് നടത്തിയത് സജിത്ത്’: ആഷിക് അബു
വിഷയത്തിൽ ഒപിഎം സിനിമാസിന് വേണ്ടി ആഷിക് അബു പുറത്തുവിട്ട കുറിപ്പ് ഇങ്ങനെ:
"15 ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതിനുമായിരുന്നു അത്. ഇതിന്റെ കൃത്യമായ ബാങ്ക് രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് അത് നൽകിയില്ല. വ്യാപാരികളുടെ പരാതി ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞുവെക്കുകയും ഫെഫ്ക (FEFKA), കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്."
വ്യാപാരികളുടെ നഷ്ടം സിനിമാ കമ്പനി നികത്തും
നിയമപരമായി തെറ്റ് ആരുടെ ഭാഗത്തായാലും വിലാങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നിർമ്മാതാക്കൾ അറിയിച്ചു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും, എല്ലാ കുടിശ്ശികകളും കമ്പനി നേരിട്ട് വ്യാപാരികളുടെ അക്കൗണ്ടിലേക്ക് തീർപ്പാക്കുമെന്നും അവർ വ്യക്തമാക്കി.
ചിത്രീകരണവേളയിൽ വിലാങ്ങാടിലെ ജനങ്ങൾ നൽകിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണെന്നും, അവരെ ഒരിക്കലും കൈവിടില്ലെന്നും അണിയറപ്രവർത്തകർ കൂട്ടിച്ചേർത്തു. സിനിമാ കമ്പനി നേരിട്ട് ഇടപെട്ട് വ്യാപാരികളുടെ കുടിശ്ശിക തീർക്കുമെന്ന് ഉറപ്പുനൽകിയതോടെ വിലാങ്ങാട്ടെ പ്രാദേശിക വ്യാപാരികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Comments
Post a Comment