അധ്യാപികയായ ഭാര്യയെ സ്കൂളിലേക്ക് യാത്രയാക്കി മടങ്ങിയെത്തിയ വ്യാപാരി വീട്ടിൽ നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി മടങ്ങിയെത്തിയ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പ്രമുഖ പൊതു പ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണു (52) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.
പ്രദേശത്തെ സജീവ സാമൂഹിക-വ്യാപാരി നേതാവായിരുന്ന വേണുവിന്റെ വിയോഗ വാർത്ത പനത്തടി ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ഇന്ന് രാവിലെ പതിവുപോലെ കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ ഭാര്യ സരിതയെ സ്കൂളിൽ വിടുന്നതിനായി വേണു സ്വന്തം കാറിൽ പനത്തടി ബസ് സ്‌റ്റോപ്പിൽ എത്തിച്ചിരുന്നു. ഭാര്യയെ ബസിൽ കയറ്റിവിട്ട ശേഷം ഇദ്ദേഹം തച്ചറക്കടവിലെ വീട്ടിലേക്ക് മടങ്ങിയെത്തി.
വീട്ടിലെത്തിയ ശേഷം ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്ക് പോയ വേണുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് മകൾ അഞ്ജന മുകളിലെ മുറിയിൽ ചെന്ന് നോക്കിയത്. ഈ സമയത്താണ് മുറിയിൽ തൂങ്ങിയ നിലയിൽ വേണുവിനെ കണ്ടെത്തുന്നത്.
മകളുടെ നിലവിളി കേട്ടെത്തിയ അയൽവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഉടൻ തന്നെ കെട്ടഴിച്ചു അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ പോലീസ് കേസെടുത്ത് മേൽനടപടികൾ ആരംഭിച്ചതായും കാഞ്ഞങ്ങാട് പോലീസ് അറിയിച്ചു.
സാമൂഹിക രംഗത്തെ സജീവ സാന്നിധ്യം
പനത്തടി മേഖലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും വ്യാപാരിയുമായിരുന്നു അന്തരിച്ച കെ.എൻ. വേണു. പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് ജി.എച്ച്.എസ്.എസ്. മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാൽ ലയൺസ് ക്ലബ് ഭാരവാഹി എന്നീ നിലകളിൽ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. നാട്ടിലെ എല്ലാ സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ എച്ച്.എസ്.എസ്. അധ്യാപിക സരിതയാണ് ഭാര്യ.
മക്കൾ: ശങ്കർ (ശങ്കർ ബേക്കറി, പനത്തടി), അഞ്ജന.

Comments
Post a Comment