ജനാലയിലൂടെ താഴേക്ക് എറിഞ്ഞു; ഷാർജയിൽ 2 വയസ്സുകാരന്റെ മരണത്തിൽ പത്തു വയസ്സുകാരികളായ മലയാളി, തമിഴ് പെൺകുട്ടികൾക്കെതിരെ അന്വേഷണം; മാതാപിതാക്കൾ കസ്റ്റഡിയിൽ
ഷാർജ: യുഎഇയെയും പ്രവാസി സമൂഹത്തെയും ഒരേപോലെ നടുക്കിയ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഷാർജയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനാലയിലൂടെ താഴേക്ക് എറിഞ്ഞ് മൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികളായ രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൽ ഒരു പെൺകുട്ടി കണ്ണൂർ സ്വദേശികളായ മലയാളി കുടുംബത്തിലെയും രണ്ടാമത്തെയാൾ തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിലെയും അംഗമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇരു പെൺകുട്ടികളുടെയും മാതാപിതാക്കളെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസം മുൻപ് ഷാർജയിലെ ഒരു കെട്ടിടത്തിൽ അരങ്ങേറിയ ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പാകിസ്ഥാൻ സ്വദേശിയായ സജ്ജാദ് ഹുസൈന്റെ മകൻ മുഹമ്മദ് അർഷമാൻ ആണ് കൊല്ലപ്പെട്ടത്. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികളാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാധിക നിഗമനം.
നിമിഷങ്ങൾക്കുള്ളിൽ ഒടുങ്ങിയ പിഞ്ചുജീവൻ; ക്രൂരത തെളിയിച്ച് സിസിടിവി ദൃശ്യങ്ങൾ
അപ്പാർട്ട്മെന്റിന് വെളിയിലെ ഇടനാഴിയിൽ (കോറിഡോർ) കുട്ടി കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഒരു മിനിറ്റിൽ താഴെ സമയം മാത്രം എന്തോ ആവശ്യത്തിനായി വീടിനുള്ളിലേക്ക് കയറിയപ്പോഴായിരുന്നു പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത ദാരുണ സംഭവം.
കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പ്രകാരം, കോറിഡോറിൽ കളിക്കുകയായിരുന്ന അർഷമാനെ പെൺകുട്ടികളിൽ ഒരാൾ ഗോവണിയുടെ (സ്റ്റെയർകേസ്) വാതിൽ തുറന്ന് കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. കുട്ടി അങ്ങോട്ട് നീങ്ങിയ ഉടൻ തന്നെ ഇവർ വാതിൽ അടയ്ക്കുകയും ചെയ്തു. തുടർന്ന് മൂന്നാം നിലയിലെ ജനാലയിലൂടെ കുട്ടിയെ താഴേക്ക് എറിയുകയായിരുന്നു. ഏകദേശം 14 മീറ്ററോളം ഉയരത്തിൽ നിന്നാണ് കുട്ടി താഴേക്ക് പതിച്ചത്. കൃത്യം നിർവഹിച്ച ശേഷം യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ, തികച്ചും ശാന്തരായി പെൺകുട്ടികൾ ഇടനാഴിയിലൂടെ നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഞെട്ടലോടെ കാവൽക്കാരൻ
കെട്ടിടത്തിൽ നിന്ന് ഉയർന്ന നിലവിളി കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ ആദ്യം ഓടിയെത്തിയത്. ലിഫ്റ്റിന് സമീപം കുട്ടികൾ തമ്മിൽ എന്തോ വഴക്കാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മകനെ കെട്ടിപ്പിടിച്ച് അമ്മ അലറിക്കരയുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിലും അടിയന്തര വിഭാഗങ്ങളിലും വിവരമറിയിക്കുകയായിരുന്നു.
"താഴത്തെ നിലയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ നിലവിളിക്കുകയായിരുന്നു."— കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ
കേസ് ശിശുസംരക്ഷണ അതോറിറ്റിക്ക്; അന്വേഷണം ഊർജിതം
ഷാർജ പൊലീസ് കേസ് നിലവിൽ ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. പിടിയിലായ കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടികൾ. വർഷങ്ങളായി ഈ പെൺകുട്ടികളുടെ കുടുംബവും പാകിസ്ഥാനി കുടുംബവും അടുത്തടുത്ത അപ്പാർട്ട്മെന്റുകളിലാണ് താമസിച്ചിരുന്നത്. അയൽവാസികളായിരുന്നിട്ടും ഇത്രയും ചെറിയൊരു കുട്ടിയോട് ഈ ക്രൂരത കാണിക്കാനുണ്ടായ യഥാർഥ കാരണവും ലക്ഷ്യവും കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്.
കൺമുന്നിൽ തകർന്ന സ്വപ്നങ്ങൾ; മാതാപിതാക്കൾ പാകിസ്ഥാനിലേക്ക് മടങ്ങി
വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങൾക്ക് ജനിച്ച ഏക മകന്റെ വിയോഗത്തിൽ പൂർണ്ണമായും തകർന്നിരിക്കുകയാണ് ഈ പാകിസ്ഥാനി കുടുംബം. ഇവർക്ക് രണ്ട് മാസം മാത്രം പ്രായമുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്.
കൺമുന്നിൽ നടന്ന ദാരുണ സംഭവം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു. നിലവിൽ മകന്റെ മൃതദേഹവുമായി കുടുംബം പാകിസ്ഥാനിലേക്ക് മടങ്ങി.
മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും, ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും ജീവിതം മുഴുവൻ കണ്ണീരിലാഴ്ത്തുമെന്നും അദ്ദേഹം പ്രവാസികളായ മാതാപിതാക്കളെ ഓർമിപ്പിച്ചു.

Comments
Post a Comment