ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധം: ടൗണുകൾ ശുചീകരിച്ച് സി.പി.ഐ.എം മുതുകാട് ലോക്കൽ കമ്മിറ്റി
ചക്കിട്ടപാറ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അധികൃതർ കാട്ടുന്ന ഗുരുതരമായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് പരിധിയിലെ പ്രധാന ടൗണുകൾ ശുചീകരിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ, സി.പി.ഐ.എം മുതുകാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ടൗൺ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മഴക്കാലം അടുത്തെത്തിയിട്ടും ജനജീവിതത്തെ ബാധിക്കുന്ന രീതിയിൽ ടൗണുകളിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിലും പകർച്ചവ്യാധി ഭീഷണി ഉയരുന്നതിലും പ്രതിഷേധിച്ചാണ് ഈ ബഹുജന ശുചീകരണം നടത്തിയത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം കെ. സുനിൽ നിർവ്വഹിച്ചു. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ പോലും തികഞ്ഞ ഉദാസീനതയാണ് പഞ്ചായത്ത് ഭരണസമിതി പുലർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മുതുകാട് ടൗണിലും പരിസരപ്രദേശങ്ങളിലും നടന്ന വിപുലമായ ശുചീകരണ പരിപാടിയിൽ നിരവധി നാട്ടുകാരും പാർട്ടി പ്രവർത്തകരും പങ്കാളികളായി. പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്തംഗം പി. സി. സുരാജൻ, കെ. കെ. ബിജു, സി. കെ. പ്രമോദ്, പഞ്ചായത്തംഗം ബിന്ദു വി. കെ, ഷീബ കെ. കെ, ഇ. കെ. അനീഷ്, കെ. സൂരജ്, കെ. പി. ചന്ദ്രൻ മാസ്റ്റർ, ജിതിൻ പ്രകാശ്, അർജുൻ കെ. സി, അനൂജ് കോട്ടപറമ്പിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
വരും ദിവസങ്ങളിലും ജനകീയ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ലോക്കൽ കമ്മിറ്റിയുടെ തീരുമാനം.


Comments
Post a Comment