കോഴിക്കോട് ചാലിയാർ പുഴയിൽ അജ്ഞാത മൃതദേഹം
കോഴിക്കോട്: മാവൂർ എളമരം കടവ് പാലത്തിന് സമീപം ചാലിയാർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പുഴയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞയുടൻ വാഴക്കാട് പോലീസ് സ്ഥലത്തെത്തി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം പുഴയിൽ നിന്നും കരക്കെത്തിക്കുകയായിരുന്നു. മൃതദേഹത്തിന് കാര്യമായ അഴുകൽ സംഭവിച്ചിട്ടില്ലാത്തതിനാൽ സമീപകാലത്താണ് മരണം നടന്നതെന്ന് പോലീസ് പ്രാഥമികമായി നിഗമനത്തിലെത്തിയിട്ടുണ്ട്. മരിച്ചയാൾ അന്യസംസ്ഥാന തൊഴിലാളിയാകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വാഴക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

Comments
Post a Comment