വിവാഹത്തിന്റെ മധുരം മായുന്നതിന് മുൻപേ അന്ത്യം; വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ നവവധു മരിച്ചു
കാസർകോട്: വിവാഹത്തിന്റെ മധുരം മായുന്നതിന് മുൻപേ നവവധു വിഷം കഴിച്ച് മരിച്ചതിന്റെ നടുക്കത്തിലാണ് കുറ്റിക്കോൽ പ്രദേശം. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അശ്വതി.
അമ്പലത്തറ പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ് അശ്വതി. കഴിഞ്ഞ ഏപ്രിൽ 25-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹജീവിതത്തിന്റെ ഒരു മാസം പൂർത്തിയാകുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിതമായ ദുരന്തം സംഭവിച്ചത്.
ഈ മാസം 18-ാം തീയതിയാണ് കാസർകോട്ടെ താമസസ്ഥലത്ത് വെച്ച് അശ്വതിയെ അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വിഷം കഴിച്ച നിലയിലായിരുന്ന യുവതിയെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ, വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
പരേതനായ സുകുവിന്റെയും പുഷ്പയുടെയും മകളാണ് അശ്വതി. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment