തീകൊളുത്തിയതിന് പിന്നിൽ സാമ്പത്തിക ബാധ്യത; വയോധികന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതം
വടകര: വടകരയിൽ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ ചിരിയകണ്ടോത്ത് ഇബ്രാഹിം ഹാജി (70) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഡിസിസി സെക്രട്ടറി ടി.വി. സുധീർ കുമാർ ഉൾപ്പെടെയുള്ളവർ നടത്തുന്ന ‘കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’യിൽ ഇബ്രാഹിം ഹാജി പണം നിക്ഷേപിച്ചിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് ഇദ്ദേഹം പലതവണ നേതാക്കളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാർക്ക് ഇബ്രാഹിം ഹാജി പരാതി നൽകുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ പഴങ്കാവിലുള്ള സുധീർ കുമാറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം ഹാജി, ഒന്നും സംസാരിക്കാൻ നിൽക്കാതെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന സുധീറും മറ്റുള്ളവരും ചേർന്ന് ഉടൻ തീ കെടുത്തിയെങ്കിലും അപ്പോഴേക്കും ഇദ്ദേഹത്തിന് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ ഉടൻ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment