കൃഷി സംരക്ഷിക്കാൻ ഇറങ്ങിയ കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു
അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സംഭവം ഇങ്ങനെ
സ്ഥിരമായി കാട്ടാനശല്യമുള്ള മേഖലയാണ് അതിരപ്പിള്ളി. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാനകൾ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയത്. കാട്ടാന വീടിനു സമീപമെത്തിയതറിഞ്ഞ് തുരത്താനായി മോഹനൻ പുറത്തിറങ്ങുകയായിരുന്നു. സഹോദരനും സഹോദരിയും മോഹനനൊപ്പം ഉണ്ടായിരുന്നു. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മോഹനൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിഷേധം ശക്തം
തുടർച്ചയായുണ്ടാകുന്ന കാട്ടാന ശല്യത്തിലും വന്യമൃഗ ആക്രമണത്തിലും പ്രതിഷേധിച്ച് ഇന്ന് മേഖലയിൽ ഹർത്താൽ ആചരിക്കുകയാണ്. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർ സംസ്ഥാന പാത നാട്ടുകാർ ഉപരോധിക്കും.

Comments
Post a Comment