അന്ന് ആമിനയ്ക്ക് നീതി ലഭിച്ചിരുന്നെങ്കിൽ ഇന്ന് ആ കുഞ്ഞു ജീവനോടെ ഉണ്ടായേനെ
നെടുമങ്ങാട്: ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അഷ്കറിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജനരോഷവും പോലീസിന്റെ ഊർജ്ജിതമായ തെളിവെടുപ്പും വാർത്തകളിൽ നിറയുമ്പോൾ, സമൂഹത്തിന് നേരെ വിരൽചൂണ്ടി വലിയൊരു ചോദ്യമുയരുന്നു. പ്രതിയെ കൈകളിൽ കിട്ടിയാൽ വധിക്കാൻ പാകത്തിൽ ജനങ്ങൾ കാണിക്കുന്ന ഈ രോഷവും, തെളിവെടുപ്പിനായി ഓടിനടക്കുന്ന പോലീസിന്റെ ഈ തത്രപ്പാടും മുൻപ് എവിടെയായിരുന്നു എന്നാണ് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇപ്പോൾ ചോദിക്കുന്നത്.
അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിന എന്ന 21-കാരി ഇതേ ക്രൂരതകൾ അനുഭവിച്ചപ്പോൾ ഈ സമൂഹവും നിയമവ്യവസ്ഥയും പുലർത്തിയ മൗനമാണ് ഒടുവിൽ ഒരു പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ ചെന്നെത്തിച്ചതെന്ന വികാരം ശക്തമാണ്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ സമാനതകളില്ലാത്ത നരകയാതനകളാണ് ആമിന ആ വീട്ടിൽ അനുഭവിച്ചത്. രണ്ടു കൈകളും ചേർത്ത് ചെവിക്ക് അടിക്കുക, മുഷ്ടി ചുരുട്ടി തലയിൽ ഇടിക്കുക, വായിൽ വിഷം ഒഴിച്ചു കൊടുക്കാൻ ശ്രമിക്കുക തുടങ്ങിയ ക്രൂരതകൾക്ക് ആ പെൺകുട്ടി ഇരയായി.
മർദ്ദനമേറ്റ് ബോധംകെട്ടു വീണപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചതും, കിണറ്റിൽ തള്ളിയിട്ടും ഓടുന്ന ഓട്ടോയിൽ നിന്നും തള്ളിയിട്ടും കൊലപ്പെടുത്താൻ നോക്കിയപ്പോഴും ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഒടുവിൽ ക്രൂരമായ മർദ്ദനത്തെ തുടർന്ന് തല ഭിത്തിയിലിടിച്ച് തലച്ചോറിൽ രക്തം കട്ടപിടിച്ച്, നടുനിവർത്തി ഇരിക്കാൻ പോലും കഴിയാതെ ആമിന എന്നെന്നേക്കുമായി ഫിസിയോതെറാപ്പി സെന്ററിലെ കിടക്കയിലായപ്പോഴും സമൂഹവും പോലീസും വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
അന്ന് ആമിന അനുഭവിച്ച ക്രൂരതകൾക്കെതിരെ ഈ കാണിക്കുന്ന രോഷത്തിന്റെ ഒരംശമെങ്കിലും നാട്ടുകാരോ നിയമവ്യവസ്ഥയോ കാണിക്കുകയും അവനെ അന്ന് തന്നെ തുറുങ്കിലടയ്ക്കുകയും ചെയ്തിരുന്നെങ്കിൽ അർഷിദ് എന്ന ഒന്നരവയസ്സുകാരന് ഇന്ന് ഈ ഗതി വരുമായിരുന്നില്ല. ഒരു പെൺകുട്ടിയുടെ ജീവിതം പൂർണ്ണമായി തകർത്ത കൊടും ക്രിമിനൽ യാതൊരു കൂസലുമില്ലാതെ സമൂഹത്തിൽ മാന്യനായി നടക്കുകയും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. നിയമത്തെയോ സമൂഹത്തെയോ ഭയപ്പെടേണ്ടതില്ലെന്ന അവന്റെ ധാർഷ്ട്യമാണ് ഒടുവിൽ ഒരു പിഞ്ചുജീവൻ കൂടി കവർന്നെടുക്കാൻ അവന് തുണയായത്.
ശരീരത്തിൽ 51 ഗുരുതരമായ മുറിവുകളുമായി ആ കുഞ്ഞ് വേദനിച്ചു മരിച്ചതിന് ഉത്തരവാദി അഷ്കർ മാത്രമല്ല, അവന്റെ മുൻകാല ക്രൂരതകൾക്ക് നേരെ കണ്ണടച്ച ഈ സമൂഹവും നിയമവ്യവസ്ഥയും കൂടിയാണ്. ഒരു ജീവൻ നഷ്ടപ്പെട്ടതിന് ശേഷം മാത്രം ഉണരുന്ന ഈ പ്രതികരണശേഷി വെറുമൊരു പ്രഹസനമായി അവശേഷിക്കുകയാണ്. ഒരു ജീവൻ പൊലിഞ്ഞതിന് ശേഷം ലഭിക്കുന്ന നീതി കൊണ്ട് ആർക്കാണ് പ്രയോജനം എന്ന ചോദ്യം പ്രബുദ്ധ കേരളത്തിന് മുന്നിൽ വീണ്ടും അവശേഷിക്കുന്നു.

Comments
Post a Comment