പേരാമ്പ്രയിൽ കിണറ്റിൽ വീണയാൾക്ക് രക്ഷകരായി അഗ്നിശമനസേന; ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടി
പേരാമ്പ്ര: മേപ്പയൂർ പാവട്ടുകണ്ടി മുക്കിൽ അബദ്ധത്തിൽ കിണറ്റിൽ വീണ വ്യക്തിയെ പേരാമ്പ്ര അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പാവട്ടുകണ്ടി മുക്ക് ലെസ്റ്റർ കാർവാഷ് സ്ഥാപനത്തിന് പിന്നിലെ കിണറ്റിൽ വീണ തോവട്ടത്ത് നൗഷാദിനെയാണ് (54) സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെടുത്തത്.
ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. സ്ഥാപനത്തിന്റെ പിൻവശത്തുള്ള കിണറ്റിൽ നൗഷാദ് അബദ്ധത്തിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പേരാമ്പ്രയിൽ നിന്ന് അഗ്നിശമനസേനയുടെ യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. സംഘത്തിലെ അരുൺ പ്രസാദ് കിണറ്റിലേക്ക് ഇറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ നൗഷാദിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹത്തിന് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകി. ഉദ്യോഗസ്ഥരായ ടി. ബബീഷ്, ആർ. ജിനേഷ്, അഭി ലജ്പത് ലാൽ, പി.എം. വിജേഷ്, കെ.കെ. ഗിരീഷ്, പി. സജിത്ത് എന്നിവരും ഹോം ഗാർഡുമാരായ കെ.പി. ബാലകൃഷ്ണൻ, പി.സി. അനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. അഗ്നിശമനസേനയുടെ വേഗത്തിലുള്ള ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.

Comments
Post a Comment