കരിങ്കല്ല് കെട്ടിത്തൂക്കിയ നിലയിൽ പുഴയിൽ പോത്തിന്റെ ജഡം

 


കൊടിയത്തൂർ: ചാലിയാർ പുഴയിൽ ദേഹത്ത് കരിങ്കല്ലുകൾ കെട്ടിത്തൂക്കിയ നിലയിൽ പോത്തിന്റെ ജഡം കണ്ടെത്തി. ചെറുവാടി തറമ്മൽക്കടവ് ഭാഗത്താണ് സംഭവം. ഇന്നലെ ഉച്ചയോടെ പുഴയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പോത്തിന്റെ ജഡം ശ്രദ്ധയിൽപ്പെട്ടത്.

​തുടർന്ന് വാർഡ് അംഗം കസ്ത ഹമീദിന്റെ നേതൃത്വത്തിൽ സാന്ത്വനം കൂട്ടായ്മ പ്രവർത്തകരായ ഷാഫി, സൽമാൻ, മുഹമ്മദ് നൗഷാദ്, ഇസ്മായിൽ എന്നിവർ ചേർന്ന് തോണി ഉപയോഗിച്ച് ജഡം കരയ്ക്കടുപ്പിച്ചു. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പോത്തിന്റെ കഴുത്തിലും കാലുകളിലും വലിയ കരിങ്കല്ലുകൾ വരിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തിയത്.

ദുരൂഹതയേറുന്നു

ചത്ത പോത്തിനെ സംസ്കരിക്കുന്നതിനുള്ള മടി കാരണം ഉടമസ്ഥൻ പുഴയിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, രോഗം ബാധിച്ചോ മറ്റോ അവശനായ പോത്തിനെ ജീവനോടെ തന്നെ കല്ലുകെട്ടി പുഴയിൽ ഒഴുക്കിവിട്ടതാണോ എന്ന സംശയവും നാട്ടുകാരിൽ ശക്തമാണ്. ഇത്തരം ക്രൂരമായ പ്രവൃത്തികൾക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിൽ ഉയർന്നിരിക്കുന്നത്.

നിയമനടപടിക്കൊരുങ്ങി ജനപ്രതിനിധികൾ

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് സ്ഥലം സന്ദർശിച്ച ഗ്രാമപ്പഞ്ചായത്തംഗം കസ്ത ഹമീദ്, കെ.വി. നിയാസ്, മുഹമ്മദ് യൂസഫ് എന്നിവർ അറിയിച്ചു. പുഴ മലിനമാക്കുന്നതിനും ജീവനുള്ള ജീവിയോട് ക്രൂരത കാട്ടിയതിനും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു