കരുണയുടെ ഉറവ വറ്റാതെ ചക്കിട്ടപാറ; സന്തോഷിന്റെ ചികിത്സയ്ക്ക് നാടിന്റെ കൈത്താങ്ങ്; ധനസമാഹരണവുമായി വാർഡ് സമിതികളും ക്ലബ്ബുകളും
ചക്കിട്ടപാറ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്തോഷ് മാത്യു തയ്യിലിനെ സഹായിക്കാൻ നാടൊന്നാകെ രംഗത്ത്. വിവിധ വാർഡ് കമ്മിറ്റികളും ക്ലബ്ബുകളും സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
പ്രതീക്ഷ ഫുട്ബോൾ ക്ലബ്ബിന്റെ കൈത്താങ്ങ്
ചക്കിട്ടപാറ പ്രതീക്ഷ ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ച 30,000 രൂപ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കളിക്കളത്തിലെ ഊർജ്ജം കാരുണ്യപ്രവർത്തനത്തിലും കാഴ്ച്ചവെച്ച ക്ലബ്ബ് അംഗങ്ങളെ ഭരണസമിതി അഭിനന്ദിച്ചു.
കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ സന്തോഷിന്റെ ചികിത്സയ്ക്ക് വലിയൊരു തുക ആവശ്യമാണ്. സാധാരണക്കാരായ നാട്ടുകാർ ഒത്തുപിടിച്ച് നടത്തുന്ന ഈ ധനസമാഹരണം വലിയൊരു പ്രതീക്ഷയാണ് കുടുംബത്തിന് നൽകുന്നത്. ഇനിയും നിരവധി സംഘടനകൾ സഹായവുമായി മുന്നോട്ടുവരുന്നുണ്ട്.
നരിനടയിൽ നിന്ന് 14,700 രൂപ
ചക്കിട്ടപാറ പഞ്ചായത്ത് ഒമ്പതാം വാർഡിലെ നരിനട സ്കൂൾ, ചിറക്കൽ പടി, പെരിഞ്ചേരി മുക്ക് എന്നീ ഭാഗങ്ങളിലെ വീടുകളിൽ നിന്ന് സമാഹരിച്ച 14,700 രൂപ വാർഡ് മെമ്പർ ജോസ് ചെറുവള്ളി ഏറ്റുവാങ്ങി. ചികിത്സാസഹായ കമ്മിറ്റി കൺവീനർ ഷിജു എഴുത്താണി കുന്നേൽ, ജോയിന്റ് കൺവീനർ ജോസ് ഞാറു കുന്നേൽ, ജിജോ തയ്യുള്ളതിൽ, ഷാജി മലമേൽ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. പ്രദേശത്തെ വീടുകൾ കയറി നടത്തിയ ധനസമാഹരണത്തിലൂടെയാണ് ഈ തുക കണ്ടെത്തിയത്.
പാറത്തറമുക്കിൽ നിന്ന് 12,400 രൂപ
സന്തോഷ് ചികിത്സാ സഹായ ഫണ്ടിലേക്ക് പാറത്തറമുക്ക് ഭാഗത്തുനിന്ന് സമാഹരിച്ച 12,400 രൂപ വാർഡ് മെമ്പർ ഗിരീഷ് കോമച്ചൻകണ്ടിക്ക് കൈമാറി. പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ ചേർന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്.



Comments
Post a Comment