വെളിച്ചത്തിന് മെഴുകുതിരി; ഏക 'അയൽവാസി'കാട്ടാന ജീവൻ പണയംവച്ച് ഒറ്റയ്ക്ക് കാട്ടിനുള്ളിൽ ബാലൻ
നിലമ്പൂർ: വന്യമൃഗങ്ങൾ വിഹരിക്കുന്ന വനമധ്യത്തിലെ ഒറ്റമുറിയിൽ 77-കാരൻ ബാലന്റെ ദുരിതജീവിതം. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നിത്യസന്ദർശകരാകുന്ന സ്ഥലത്ത്, ജീവൻ പണയം വെച്ചാണ് ഈ വയോധികൻ ഓരോ ദിവസവും തള്ളിനീക്കുന്നത്.
ചാലിയാർ പഞ്ചായത്തിലെ പൊക്കോട് വനമേഖലയോട് ചേർന്നു കിടക്കുന്ന പന്നിയങ്ങാടാണ് കോട്ടയിൽ ബാലൻ കഴിഞ്ഞ ഏഴു വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നത്. ഭാര്യ മരിച്ചിട്ട് 30 വർഷം പിന്നിട്ടു. മക്കൾ അകലെയുള്ള സ്ഥലങ്ങളിൽ താമസം. സ്വന്തമായിരുന്ന വീട് തകർന്നതോടെ, മൈലാടി സ്വദേശി മഞ്ചേരിപറമ്പൻ ഇന്ദിര സൗജന്യമായി നൽകിയ പന്നിയങ്ങാട്ടെ വീട്ടിലാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ താമസം.
പൊക്കോട് വനമേഖലയോട് ചേർന്നു കിടക്കുന്ന പന്നിയങ്ങാട്, പൊക്കോട്, വടക്കേ പെരുമുണ്ട, തണ്ണിപൊയിൽ, ചരിയംകുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമി വനംവകുപ്പിന്റെ 'നവകിരണം' പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാമെന്നായിരുന്നു ഉറപ്പ്. എന്നാൽ, ആറു വർഷം പിന്നിട്ടിട്ടും പല കുടുംബങ്ങൾക്കും ഇനിയും പണം ലഭിച്ചിട്ടില്ല. ഈ പ്രദേശവാസികൾ മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചതോടെയാണ് ബാലൻ വനത്തിനുള്ളിൽ പൂർണ്ണമായും ഒറ്റപ്പെട്ടത്.
വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെട്ട വീട്ടിൽ മെഴുകുതിരി വെളിച്ചത്തിലാണ് രാത്രികൾ. "രാത്രിയായാൽ പതിവു തെറ്റാതെ വീട്ടുമുറ്റത്ത് കാട്ടാനയെത്തും. സമീപത്തെ ചോലയിൽ വെള്ളം കുടിച്ച് മടങ്ങുകയാണ് പതിവ്. ഇതുവരെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ഏതു നിമിഷവും ആക്രമണം ഉണ്ടാകുമെന്ന ഭയമുണ്ട്," ബാലൻ പറയുന്നു. സർക്കാരിന്റെ ക്ഷേമപെൻഷൻ മാത്രമാണ് ഏക വരുമാനം. പ്രായാധിക്യം മൂലം ജോലിക്കും പോകാൻ കഴിയില്ല.
ബാലന്റെ ദയനീയാവസ്ഥ നേരിൽ കണ്ട മൈലാടി സ്വദേശി പൂവാടി സിദ്ധാർഥൻ, ഇദ്ദേഹത്തെ വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഗ്രാമപഞ്ചായത്ത് അംഗവുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുന്നു. മക്കൾ നിലമ്പൂർ പോലീസ് സ്റ്റേഷനിലെത്തി ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മാത്രമേ വൃദ്ധസദനത്തിലേക്കുള്ള മാറ്റം പൂർത്തിയാക്കാൻ സാധിക്കൂ. ബാലന്റെ നിത്യജീവിതത്തിന് ആവശ്യമായ പലചരക്ക് സാധനങ്ങൾ സിദ്ധാർഥൻ മുൻകൈയെടുത്ത് മണ്ണുപ്പാടത്തെ കട വഴി എത്തിക്കുന്നുണ്ട്. കാട്ടിനുള്ളിലെ ഏകാന്തവാസം അപകടകരമാണെന്നും എത്രയും വേഗം ഇദ്ദേഹത്തെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Comments
Post a Comment