താമരശ്ശേരിയിൽ തൂമ്പയുമായി യുവാവിൻ്റെ പരാക്രമം; കുരുന്നുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തടയാൻ ശ്രമിച്ച പിതാവിൻ്റെ കൈയൊടിഞ്ഞു.

 


താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ യുവാവിൻ്റെ അക്രമാസക്തമായ പെരുമാറ്റം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ആക്രമണം തടയാൻ ശ്രമിച്ച വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ് നാട്ടുകാർക്കും യാത്രക്കാർക്കും നേരെ തൂമ്പയുമായി അക്രമം അഴിച്ചുവിട്ടത്.

​തിങ്കളാഴ്ച രാവിലെ കാക്കവയലിലാണ് സംഭവങ്ങളുടെ തുടക്കം. സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ നിഷാദ് കയ്യിലുണ്ടായിരുന്ന തൂമ്പ വീശുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഭയന്ന കുട്ടികൾ നിലവിളിച്ചുകൊണ്ട് ചിതറിയോടി. ബഹളം കേട്ട് ഓടിയെത്തിയ കുട്ടികളുടെ പിതാവ് ചാമപ്പുറായിൽ റഷീദിന് നേരെയും നിഷാദ് തൂമ്പയുമായി അടുത്തു.

​റഷീദിൻ്റെ തലയ്ക്ക് ലക്ഷ്യം വെച്ച് വീശിയ തൂമ്പാ ഏറ് കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ശക്തമായ അടിയേറ്റ് റഷീദിൻ്റെ കൈയുടെ എല്ല് ഒടിഞ്ഞു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​നാട്ടുകാരെയും യാത്രക്കാരെയും ഭയപ്പെടുത്തി ഓടുന്നതിനിടയിൽ തെന്നിവീണ നിഷാദിനും ചെറിയ പരിക്കുകൾ പറ്റിയിരുന്നു. തുടർന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും സ്ഥിതി ശാന്തമായില്ല. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ ആക്രോശിച്ചും അക്രമാസക്തനായി പെരുമാറിയും നിഷാദ് അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

​രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ഓടിമാറുന്ന സാഹചര്യമുണ്ടായി. ഒടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ നിയന്ത്രിച്ചത്. .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു