പതറാത്ത കൈകൾ, കൃത്യമായ നിർണ്ണയം; കുരുന്നിനെ ഡോ. ഡാനിയൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി
കട്ടപ്പന: തിരിച്ചറിയാൻ വൈകിയാൽ ഹൃദയത്തെപ്പോലും ബാധിക്കാവുന്ന മാരകമായ 'കവാസാക്കി ഡിസീസ്' എന്ന അവസ്ഥയിൽ നിന്നും ഒന്നരവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് കട്ടപ്പന സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ്. ഡോക്ടറുടെ സമയോചിതമായ ഇടപെടലും കൃത്യമായ രോഗനിർണ്ണയവുമാണ് കുട്ടിക്ക് തുണയായത്.
കട്ടപ്പന കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ മകൾക്ക് അകാരണമായി വന്ന പനിയും മറ്റ് അനുബന്ധ ലക്ഷണങ്ങളുമാണ് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. സാധാരണ രക്തപരിശോധനകളിലൂടെ മാത്രം തിരിച്ചറിയാൻ പ്രയാസമുള്ള ഈ രോഗാവസ്ഥയെ തൻ്റെ നിരീക്ഷണ പാടവം കൊണ്ട് ഡോ. ഡാനിയൽ തിരിച്ചറിയുകയായിരുന്നു. പനി അഞ്ചുദിവസം നീണ്ടുനിൽക്കാൻ കാത്തുനിൽക്കാതെ, നാലാം ദിവസം തന്നെ രോഗത്തിൻ്റെ ഗൗരവം മനസ്സിലാക്കി കുട്ടിയെ കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ അദ്ദേഹം എടുത്ത തീരുമാനം നിർണ്ണായകമായി.
കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് നടത്തിയ പരിശോധനയിൽ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസിൻ്റെ നിഗമനം ശരിയാണെന്ന് സ്ഥിരീകരിച്ചു. ഹൃദയധമനികളെ ബാധിക്കാൻ സാധ്യതയുള്ള ഈ രോഗത്തിന് 60,000 രൂപയോളം വിലവരുന്ന അടിയന്തര ഇഞ്ചക്ഷൻ നൽകി കുഞ്ഞിനെ ഐ.സി.യുവിൽ പ്രവേശിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമായതോടെ രോഗമുക്തി നേടിയ കുരുന്ന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങി.
പോണ്ടിച്ചേരി ഗവൺമെന്റ് വുമൺ ആൻഡ് ചൈൽഡ് മെഡിക്കൽ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ഡോ. ഡാനിയലിൻ്റെ മികവിനെ നാട്ടുകാരും ആരോഗ്യപ്രവർത്തകരും അഭിനന്ദിച്ചു. തങ്ങളുടെ കുഞ്ഞിന് പുതുജീവൻ നൽകിയ ഡോക്ടർക്ക് നേരിട്ട് നന്ദി അറിയിക്കാൻ കുടുംബം കട്ടപ്പന സഹകരണ ആശുപത്രിയിലെത്തി. മലയോര മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ യുവ ഡോക്ടറുടെ സേവനം.

Comments
Post a Comment