കനൽവഴികളിൽ ഉരുകുന്ന മലയോരം; ചക്കിട്ടപാറ പൂഴിത്തോട്ടിലെ കുടിയേറ്റ കർഷകർ പടിയിറങ്ങുന്നു

 

✒️പ്രശാന്ത് പാലേരി 

ചക്കിട്ടപാറ: വന്യമൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ചക്കിട്ടപാറ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ വിജനമാകുന്നു. ഒരുകാലത്ത് കഠിനാധ്വാനം കൊണ്ട് പൊന്നുവിളയിച്ചിരുന്ന രണ്ടാംചീളി, കരിങ്കണ്ണി, താളിപ്പാറ, മാവട്ടം മേഖലകളിൽ നിന്ന് കർഷകർ കൂട്ടത്തോടെ പടിയിറങ്ങുകയാണ്. വയനാടൻ മലനിരകളുടെ താഴ്വാരത്ത് വന്യമൃഗങ്ങളോട് പടവെട്ടി ജീവിതം കെട്ടിപ്പടുത്തവർക്ക് ഇന്ന് സ്വന്തം മണ്ണ് ഉപേക്ഷിച്ചു പോകേണ്ട ഗതികേടാണുള്ളത്.

പ്രതീക്ഷയറ്റ വയനാട് ബദൽ പാത

​ഒരു കാലത്ത് 80-ഓളം കുടുംബങ്ങൾ സജീവമായിരുന്ന ഈ മേഖലയിൽ ഇന്ന് വീടുകൾ കാടുപിടിച്ചു കിടക്കുകയാണ്. വയനാട് ബദൽ റോഡ് വരുമെന്ന പ്രതീക്ഷയിലായിരുന്നു പലരും ഇവിടെ പിടിച്ചുനിന്നത്. എന്നാൽ പാതയുടെ നിർമ്മാണം പാതിവഴിയിൽ മുടങ്ങിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഗതാഗത സൗകര്യമില്ലാത്തതും വന്യമൃഗശല്യം രൂക്ഷമായതും കർഷകരുടെ നട്ടെല്ലൊടിച്ചു.

അതിജീവനത്തിന്റെ കഠിനകാലം

​വൈദ്യുതിയും റോഡും സ്വപ്നം മാത്രമായിരുന്ന കാലത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചു വളർന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. പത്തുകിലോമീറ്ററോളം നടന്ന് ചെമ്പനോട ഹൈസ്കൂളിൽ പോയിരുന്ന വിദ്യാർത്ഥികളും, ചൂരൽക്കൊട്ടകൾ ഉണ്ടാക്കി തലശ്ശേരി ചന്തയിൽ വിറ്റ് ഉപജീവനം നടത്തിയിരുന്ന കർഷകരും ഈ മണ്ണിന്റെ പോരാട്ടവീര്യത്തിന്റെ അടയാളങ്ങളാണ്. 2006-11 കാലഘട്ടത്തിലാണ് ഇവിടെ വൈദ്യുതി എത്തിയതെങ്കിലും ദുർഘടമായ പാതകൾ ഇന്നും വലിയൊരു വെല്ലുവിളിയായി തുടരുന്നു.

വന്യമൃഗശല്യം: കൃഷിയിൽ നിന്ന് കുടിയിറക്കത്തിലേക്ക്

​2000-മാണ്ടിന് ശേഷമാണ് ഈ മേഖലയിൽ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായത്. അധ്വാനിച്ചുണ്ടാക്കുന്ന കൃഷി മുഴുവൻ കാട്ടുപന്നികളും ആനകളും നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ കടക്കെണിയിലായി.

​"ഉള്ളതെല്ലാം വിറ്റും, വിൽക്കാൻ കഴിയാത്തവർ സ്ഥലം ഉപേക്ഷിച്ചും മലയിറങ്ങുകയാണ്. സ്വന്തം മണ്ണിൽ നിന്ന് അഭയാർത്ഥികളെപ്പോലെ ഇറങ്ങിപ്പോകേണ്ടി വരുന്നത് വലിയ വേദനയാണ്." - നാട്ടുകാർ പറയുന്നു.


​നിലവിൽ ടാർ റോഡ് അവസാനിക്കുന്ന പൂഴിത്തോടിൽ നിന്ന് കിലോമീറ്ററുകളോളം ഉൾവനത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിലേക്ക് ജീപ്പ് വിളിക്കണമെങ്കിൽ പോലും വൻതുക നൽകണം. താമസിക്കാൻ കഴിയാത്ത സാഹചര്യമായതോടെ പലരും വാടകവീടുകളിലേക്കും മറ്റും താമസം മാറ്റിയിരിക്കുകയാണ്. മലയോരത്തിന്റെ ഈ കണ്ണീർ മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി