കാട്ടാനയ്ക്ക് മുന്നിൽ നിന്ന് മരണപ്പാച്ചിൽ; മകളെയും വലിച്ചോടി സജി, തലനാരിഴയ്ക്ക് രക്ഷപെട്ട് അച്ഛനും മകളും

 



പത്തനാപുരം: ഇരുട്ടിന്റെ മറവിൽ ചിന്നംവിളിച്ചെത്തിയ കാട്ടാനയ്ക്ക് മുന്നിൽ നിന്നും അച്ഛനും മകളും രക്ഷപെട്ടത് അത്ഭുതകരമായി. കടശേരി മൈലവിളയിൽ സജിയും പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ ആർഷയുമാണ് മരണത്തെ മുഖാമുഖം കണ്ട ഭീതിയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കടശേരിയിലെ കുടുംബവീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം.

പിൻതുടർന്ന് ആന; വിറങ്ങലിച്ച നിമിഷങ്ങൾ
വീടിനടുത്തുള്ള വിജനമായ പാതയിൽ വെച്ചാണ് ആനയുടെ മുന്നിൽ ഇരുവരും അകപ്പെട്ടത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ ബൈക്ക് ഉപേക്ഷിച്ച് മകളുടെ കൈപിടിച്ച് സജി ഓടുകയായിരുന്നു. ആന ചിഹ്നം വിളിച്ച് നൂറ് മീറ്ററിലധികം ദൂരം ഇവരുടെ പിന്നാലെ പാഞ്ഞു.

"പാപ്പാ... കൈയും കാലും കുഴയുന്നു, എനിക്ക് ഓടാൻ കഴിയുന്നില്ല" എന്ന് മകൾ കരഞ്ഞു പറഞ്ഞപ്പോൾ ജീവിതം അവസാനിച്ചെന്ന് കരുതിയ നിമിഷമായിരുന്നു അത്. എങ്കിലും ധൈര്യം കൈവിടാതെ മകളെ വലിച്ചുകൊണ്ട് ഓടുകയായിരുന്നു - സജി ആ ഭീകര നിമിഷം ഓർത്തെടുത്തു.

ദുഷ്കരമായ രക്ഷാപ്രവർത്തനം
ഫോണിന് റേഞ്ച് ഇല്ലാത്തതും പരിസരത്ത് വീടുകൾ ഇല്ലാത്തതും രക്ഷാപ്രവർത്തനം അസാധ്യമാക്കി. മൂന്ന് ഭാഗവും വനമായ ഈ പ്രദേശത്ത് ആന കാട്ടിലേക്ക് മടങ്ങുന്നതുവരെ ഭീതിയോടെ ഇവർക്ക് കാത്തുനിൽക്കേണ്ടി വന്നു. പുലിയും കടുവയും ഇറങ്ങുന്ന മേഖലയായതിനാൽ എന്ത് സംഭവിക്കുമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും.
നാട്ടുകാർ പ്രതിഷേധത്തിൽ
കടശേരി മേഖലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്.

 കഴിഞ്ഞ ദിവസം അർദ്ധരാത്രിയും കൃഷിയിടത്തിൽ ഇറങ്ങിയ ആന ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച സോളർ തൂക്കുവേലികൾ പ്രയോജനപ്പെടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് പോലും ഇല്ലാത്ത വന്യമൃഗ ഭീഷണിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് സജി പറഞ്ഞു.
വനപാലകരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി