കൃഷിയിടത്തിൽ പോകാതെ ഇനി കൃഷി നിയന്ത്രിക്കാം; കൂരാച്ചുണ്ടിലെ യുവ എഞ്ചിനീയർമാരുടെ 'സ്മാർട്ട്' വിപ്ലവം
കൂരാച്ചുണ്ട്: മണ്ണിലിറങ്ങാതെയും വെയിലുകൊള്ളാതെയും കൃഷിയെ സ്നേഹിക്കുന്നവർക്ക് ആശ്വാസമായി കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ നിന്ന് ഒരു വിസ്മയ വാർത്ത. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷിയിടത്തിലെ മാറ്റങ്ങൾ ലോകത്തിന്റെ ഏത് കോണിലിരുന്നും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുക്കൂട്ടം യുവ എഞ്ചിനീയർമാർ. കൂരാച്ചുണ്ട് സ്വദേശി അഭിനവ് ബാവോസും സുഹൃത്തുക്കളും ചേർന്ന് രൂപം നൽകിയ 'അഗ്രോടീൻ ലാബ്‌സ്' (Agroteen Labs) എന്ന സ്റ്റാർട്ടപ്പാണ് കാർഷിക മേഖലയിൽ ഈ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടത്.
വിരൽത്തുമ്പിലെ കൃഷിയിടം
'അഗ്രസെൻസ്' എന്ന കുഞ്ഞൻ ഉപകരണമാണ് ഈ സാങ്കേതികവിദ്യയുടെ ഹൃദയം. കൃഷിയിടത്തിൽ ഇത് സ്ഥാപിച്ചാൽ മണ്ണിലെ ഈർപ്പം, അന്തരീക്ഷ താപനില, കാർബൺ ഡയോക്സൈഡിന്റെ അളവ് എന്നിവ തത്സമയം അറിയാൻ സാധിക്കും. 'അഗ്രട്രാക്' എന്ന വെബ് ഡാഷ്ബോർഡിലൂടെ കർഷകർക്ക് ഈ വിവരങ്ങൾ ലോകത്തെവിടെയിരുന്നും നിരീക്ഷിക്കാം. ഈർപ്പമോ താപനിലയോ നിശ്ചിത പരിധിയിൽ കൂടിയാലോ കുറഞ്ഞാലോ അത് സ്വയം ക്രമീകരിക്കാനുള്ള ഓട്ടോമേഷൻ സംവിധാനവും ഇതിലുണ്ട്. കൂടാതെ, കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ഇവർ പ്രയോജനപ്പെടുത്തുന്നു.
പമ്പിംഗിനും സ്മാർട്ട് പരിഹാരം
നെൽപ്പാടങ്ങളിലും മത്സ്യക്കുളങ്ങളിലും ജലനിരപ്പും അമ്ലതയും (pH value) അനുസരിച്ച് പമ്പിംഗ് സ്വയം നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ കർഷകർക്ക് വലിയ ആശ്വാസമാണ്. നിലവിലുള്ള പഴയ പമ്പുകളെപ്പോലും ഈ സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവും നേരിട്ട് കണ്ടുവളർന്ന അഭിനവ്, തന്റെ എഞ്ചിനീയറിംഗ് അറിവ് സ്വന്തം നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുകയായിരുന്നു.
പിന്നിൽ എഞ്ചിനീയറിംഗ് കരുത്ത്
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സഹപാഠികളായ മാത്യു ജയ്‌സ്, അലോഷ് ജോണി, ക്രിസ്റ്റിൻ ജോസ് കുരുവിള, പ്രവീൺ അലോഷ്യസ്, കെ.കെ. ഒനേസിമോസ്, റിതിക് ജിജി എന്നിവരാണ് അഭിനവിനൊപ്പമുള്ളത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇവർ കൂൺ കൃഷി, പമ്പിംഗ് ഓട്ടോമേഷൻ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കൂരാച്ചുണ്ട് കല്ലോലിക്കൽ ബാവോസിന്റെയും ജിജിയുടെയും മകനായ അഭിനവ്, സാങ്കേതികവിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കാൻ നടത്തുന്ന ഈ ശ്രമം വരുംതലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

Comments
Post a Comment