'ലോകത്തിന് നന്മയുടെ നീരുറവയായി' സിബി നെല്ലിക്കലിന്റെ 'മധുരം' : ശ്രീധരൻ പട്ടാണിപ്പാറ
കൂരാച്ചുണ്ട്: 'കഥ പറയും കിളിക്കൂട്' എന്ന ആദ്യ കഥാ സമാഹാരത്തിന് ശേഷം സിബി നെല്ലിക്കൽ രചിച്ച രണ്ടാമത്തെ കഥാസമാഹാരം 'മധുരം' വായനക്കാരിലേക്ക്. പന്ത്രണ്ട് കഥകളിലായി പടർന്നുനിൽക്കുന്ന നന്മയുടെയും മൂല്യബോധത്തിന്റെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകമെന്ന് സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് ശ്രീധരൻ പട്ടാണിപ്പാറ (ചാച്ചൻ ഫെയിം) അഭിപ്രായപ്പെട്ടു.
മനുഷ്യബന്ധങ്ങളിലെ ആഴവും സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടവും പ്രമേയമാക്കുന്ന പന്ത്രണ്ട് കഥകളാണ് സമാഹാരത്തിലുള്ളത്. വിട്ടുകൊടുക്കലിന്റെ മഹത്വം പറയുന്ന 'മധുരം', മോഷണക്കുറ്റത്തിൽ നിന്ന് ഒരു ബാലനെ നന്മയുടെ പാതയിലേക്ക് നയിക്കുന്ന 'ബാലൻ', മകന് വേണ്ടി സ്വന്തം കണ്ണ് ദാനം ചെയ്ത 'കണ്ണമ്മ' തുടങ്ങിയ കഥകൾ വായനക്കാരുടെ മനസ്സ് തൊടുന്നവയാണ്.
കൂടാതെ, ലഹരിക്കെതിരെയുള്ള മുന്നറിയിപ്പായി 'എന്റെ പിഴ', പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള 'വയ്യാവേലി', കുട്ടികളിലെ മാനസിക മുറിവുകളെ കുറിച്ച് പ്രതിപാദിക്കുന്ന 'മുറിവ്' എന്നിവയും ഏറെ ശ്രദ്ധേയമാണ്. മൃഗസ്നേഹവും നീതിബോധവും ഒത്തുചേരുന്ന 'പോണ്ടി' എന്ന കഥയും ഇതിലുൾപ്പെടുന്നു. അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്ത വാക്കുകളാണ് സിബിയുടെ രചനകളെ വ്യത്യസ്തമാക്കുന്നതെന്ന് ശ്രീധരൻ പട്ടാണിപ്പാറ പറഞ്ഞു.
സോഫിയ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ സമാഹാരം ആകർഷകമായ കവർ ചിത്രത്താലും മനോഹരമായ ചിത്രീകരണത്താലും മികച്ച നിലവാരം പുലർത്തുന്നു. സിബി നെല്ലിക്കലിന്റെ രചനയിൽ ഒരുങ്ങിയ 'ചാച്ചൻ' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീധരൻ പട്ടാണിപ്പാറയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇതേ രചയിതാവിന്റെ തന്നെ 'മധുരം' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും മലയാളത്തിന് ലഭിച്ചിരുന്നു. സാഹിത്യലോകത്ത് സിബി നെല്ലിക്കലിന്റെ പ്രശസ്തി ഇനിയും ഉയരങ്ങളിലെത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
പട്ടാണിപ്പാറയുടെ പെരുമ വാനോളം ഉയർത്തിയ അതുല്യ കലാകാരൻ ശ്രീധരൻ പട്ടാണിപ്പാറ
നാടിന്റെ അഭിമാനമായ അതുല്യ കലാകാരൻ ശ്രീധരൻ പട്ടാണിപ്പാറ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന 'നിങ്ങൾക്കുമാകാം കോടീശ്വരൻ' ക്വിസ് ഷോയിൽ പന്ത്രണ്ടര ലക്ഷം രൂപയുടെ വൻതുകയാണ് അദ്ദേഹം സമ്മാനമായി നേടിയത്. അറിവും ആത്മവിശ്വാസവും കൈമുതലാക്കി ഹോട്ട് സീറ്റിലെത്തിയ ശ്രീധരൻ, സങ്കീർണ്ണമായ ചോദ്യങ്ങളെ സമചിത്തതയോടെ നേരിട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
അവാർഡുകളുടെ തിളക്കത്തിലും ലളിതജീവിതം നയിക്കുന്ന ശ്രീധരൻ പട്ടാണിപ്പാറയ്ക്ക് ഇത് ഇരട്ടി മധുരത്തിന്റെ കാലമാണ്. സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ ടെലിവിഷൻ അവാർഡിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരവും അടുത്തിടെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കലാരംഗത്തെ മികവിനൊപ്പം തന്നെ വിജ്ഞാനത്തിന്റെ ലോകത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ്.



Comments
Post a Comment