താമരശ്ശേരിയിൽ കളഞ്ഞു കിട്ടിയ സ്വർണാഭരണത്തെ ചൊല്ലി തർക്കം; ഒരാൾക്ക് പരിക്ക്
താമരശ്ശേരി: കളഞ്ഞു കിട്ടിയ സ്വർണാഭരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് പരിക്കേറ്റു. താമരശ്ശേരി ചുടലമുക്ക് സ്വദേശി ബിനേഷിനാണ് പരിക്കേറ്റത്. പരപ്പൻപൊയിൽ സ്വദേശിയായ നാസറുമായാണ് തർക്കമുണ്ടായത്.
ജനുവരി മാസം പതിനാലാം തിയ്യതി നാസറിന് താമരശേരിയിലെ ചായക്കടക്ക് മുൻപിൽ വെച്ച് ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയിരുന്നു. ഈ ചായക്കടയിലെ ജീവനക്കാരനായ ബിനേഷിനെ ഈ ആഭരണം ഏൽപ്പിച്ചു. ഉടമ വന്നാൽ തിരികെ നൽകണമെന്നും ആഭരണം കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന ഒരു ബോർഡും ഒട്ടിക്കണമെന്നും നാസർ ബിനേഷിനോട് പറഞ്ഞിരുന്നു.
പല തവണ നാസർ കടയിൽ വന്ന് ആഭരണത്തിൻ്റെ ഉടമ വന്നോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യമൊക്കെ ഉടമ വന്നില്ല എന്നും പിന്നീട് ആഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും ബിനേഷ് പറഞ്ഞു. സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അവിടെ നൽകിയിട്ടില്ലെന്ന് മനസിലാക്കിയ നാസർ വീണ്ടും ചായക്കടയിൽ വന്നു ബിനേഷിനോട് ചോദിക്കുകയും ചെയ്തു.
മുക്കുപണ്ടമായിരുന്നു അതെന്നും താൻ അത് കളഞ്ഞെന്നും ബിനേഷ് പറഞ്ഞതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തു. കൈക്കും കഴുത്തിനും പരിക്കേറ്റ ബിനേഷിനെ ആദ്യം താമരശേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Comments
Post a Comment