കണ്ണുകളിൽ ഭയം, കൈകളിൽ സമാധാനത്തിന്റെ സന്ദേശം; ലോകമനസാക്ഷിയോട് യുദ്ധം നിർത്താൻ അപേക്ഷിച്ച് കൊച്ചു മിടുക്കി വേദ
മനാമ: യുദ്ധത്തിന്റെ ഭീകരത കുട്ടികളുടെ ഇളംമനസ്സുകളിൽ എത്രത്തോളം ആഴത്തിൽ മുറിവേൽപ്പിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ബഹ്‌റൈനിൽ നിന്നുള്ള മലയാളി പെൺകുട്ടി വേദയുടെ വാക്കുകൾ. "Stop War, We Are Children" എന്ന് വെള്ളക്കടലാസിൽ കുറിച്ച്, ലോകമനസാക്ഷിയോട് യുദ്ധം നിർത്താൻ അപേക്ഷിക്കുന്ന വേദയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമായി മാറുകയാണ്.
തന്റെ വീടിന്റെ ടെറസ്സിൽ നിന്ന് അകലെ പുകയുന്ന ആകാശത്തേക്ക് വിരൽ ചൂണ്ടി, ബോംബ് സ്ഫോടനങ്ങളുടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങളെക്കുറിച്ച് വേദ സംസാരിക്കുമ്പോൾ കേട്ടുനിൽക്കുന്ന ആരുടെയും ഉള്ളൊന്ന് പിടയും.
"ഞാൻ ഇത്ര നേരം പേടിച്ചിരിക്കുകയായിരുന്നു... ആ ശബ്ദമൊക്കെ കേട്ട്... പ്ലീസ് ആ യുദ്ധമൊന്ന് നിർത്തുമോ?"
എന്ന നിഷ്കളങ്കമായ ചോദ്യത്തിലൂടെ ലോകത്തോടുള്ള വലിയൊരു അപേക്ഷയാണ് ഈ കുഞ്ഞു മിടുക്കി മുന്നോട്ട് വെക്കുന്നത്.
അതിർത്തികൾക്കപ്പുറം യുദ്ധം വിതയ്ക്കുന്ന നാശനഷ്ടങ്ങൾക്കിടയിൽ, സമാധാനത്തിനായി കൈകോർക്കുന്ന ഈ കുഞ്ഞു ബാല്യത്തിന്റെ സന്ദേശം ഇന്ന് ലോകത്തിന് അവഗണിക്കാനാവില്ല. കുഞ്ഞുങ്ങളുടെ സുരക്ഷിതമായ നാളെക്കായി സമാധാനത്തിന്റെ ഈ വലിയ സന്ദേശം നമുക്കും ഏറ്റുപിടിക്കാം.

Comments
Post a Comment