ക്യാൻസർ മൂലം വയറ് വീർത്തപ്പോൾ ഗർഭമാണെന്ന് പറഞ്ഞവരുണ്ട്.. ക്യാൻസറിനെക്കാൾ വേദനിപ്പിച്ചത് കൂടെയുള്ള മനുഷ്യർ.
കൊച്ചി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രാത്രി എട്ടു മണി കഴിഞ്ഞാൽ ഒരു പെൺകരുത്തിന്റെ സാന്നിധ്യമുണ്ട് “ദീപ”. വൈകുന്നേരം ആറരയ്ക്ക് ഡിപ്പോയിൽ എത്തുന്ന ദീപ പത്തു മണി വരെ അവിടെ കർമ്മനിരതയാണ്. ബസുകൾ അടിച്ചുവാരി വൃത്തിയാക്കിയും, ഹോസുകൾ ഉപയോഗിച്ച് കഴുകിയും അവൾ തന്റെ ജീവിതം കരക്കടുപ്പിക്കാൻ പരിശ്രമിക്കുകയാണ്. ഒരു ബസ് അടിച്ചുവാരി കഴുകിയാൽ അവൾക്ക് ലഭിക്കുന്നത് വെറും 50 രൂപയാണ്. ചില ദിവസങ്ങളിൽ മുപ്പതോളം ബസുകൾ അടിച്ചുവാരാനും പത്തോളം ബസുകൾ കഴുകാനും അവൾക്ക് കഴിയാറുണ്ട്. ഈ കഠിനാധ്വാനമാണ് അവളുടെ ജീവിതമാർഗ്ഗം.
അപ്രതീക്ഷിതമായാണ് ക്യാൻസർ ദീപയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. തുടക്കത്തിൽ ഗ്യാസ് ട്രബിൾ ആണെന്ന് കരുതി അവഗണിച്ച ഒവേറിയൻ ട്യൂമർ ദീപയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു. പണമില്ലാത്തതിനാൽ മാസങ്ങളോളം സ്കാനിംഗ് പോലും ചെയ്യാതെ നീട്ടിവെച്ചു. ഒടുവിൽ കൊച്ചിൻ ക്യാൻസർ സെന്ററിൽ വെച്ച് ഓപ്പൺ സർജറിയിലൂടെയാണ് ആ ട്യൂമർ നീക്കം ചെയ്തത്. എന്നാൽ രോഗാവസ്ഥയേക്കാൾ അവളെ വേദനിപ്പിച്ചത് കൂടെയുള്ളവരുടെ ക്രൂരമായ വാക്കുകളായിരുന്നു.
"ആണുങ്ങൾ മാത്രമുള്ള സ്ഥലത്ത് ഇവൾക്ക് എന്താണ് പണി?" എന്ന ചോദ്യം മുതൽ, രോഗം കാരണം വയർ വീർത്തപ്പോൾ "അവൾ ഗർഭിണിയായതാണ്" എന്നുവരെയുള്ള അപവാദങ്ങൾ അവൾക്ക് കേൾക്കേണ്ടി വന്നു. പക്ഷേ, ആ വാക്കുകൾക്ക് മുൻപിൽ തളരാൻ ദീപ തയ്യാറല്ലായിരുന്നു. "നമ്മൾ ഇല്ലെങ്കിലും മറ്റുള്ളവർ ജീവിക്കും, അതുകൊണ്ട് നമ്മൾ ഉള്ള കാലം പൊരുതണം" എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവൾ. സർജറി കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ അവൾ വീണ്ടും ഡിപ്പോയിലേക്ക് മടങ്ങിയെത്തി.
വെറുതെയിരുന്നാൽ രോഗത്തെക്കുറിച്ച് ഓർത്ത് വിഷമിക്കുമെന്നതിനാൽ എപ്പോഴും ജോലിയിൽ മുഴുകിയിരിക്കാനാണ് ദീപ ഇഷ്ടപ്പെടുന്നത്. പ്രതിസന്ധികളിൽ തളർന്നുപോകുന്ന സ്ത്രീകൾക്ക് വലിയൊരു ഊർജ്ജമാണ് ദീപയുടെ ഈ അതിജീവന കഥ.

Comments
Post a Comment