അച്ഛാ എന്ന് വിളിക്കുമ്പോൾ ഉത്തരം നൽകാൻ ഇനി ആ തണലില്ല, പകുത്തുനൽകിയ കരളിനേക്കാൾ വലിയ സ്നേഹം ബാക്കിവെച്ച് അമൃതയുടെ അച്ഛൻ വിടവാങ്ങി
സ്വന്തം ജീവന്റെ പാതി നൽകി അച്ഛനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് വാശിപിടിച്ച ആ 19 വയസ്സുകാരിയുടെ പ്രാർത്ഥനകൾ വിഫലമായി. പത്തനംതിട്ട അടൂർ കോടമൺ സ്വദേശി പ്രദീപ് 'അമൃതയുടെ അച്ഛൻ' നമ്മെ വിട്ടുപിരിഞ്ഞു എന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് കേരളം കേൾക്കുന്നത്...
എന്റെ അച്ഛൻ ഉള്ളതുകൊണ്ടാണ് ഞാൻ ഉണ്ടായത്. അച്ഛന്റെ ജീവൻ നിലനിർത്താൻ എന്റെ കരളല്ല, ജീവൻ തന്നെ നൽകാൻ ഞാൻ തയ്യാറാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച പെൺകുട്ടിയാണ് അമൃത.. തന്റെ കരളിന്റെ 70 ശതമാനവും അച്ഛനായി പകുത്തു നൽകിയ അമൃതയുടെ സ്നേഹം നാടാകെ ചർച്ചയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരുമെന്ന് നാട് ഒന്നടങ്കം പ്രാർത്ഥിച്ചെങ്കിലും, വിധി മറ്റൊന്നായിരുന്നു..
'അച്ഛാ എന്ന് വിളിക്കുമ്പോൾ വിളി കേൾക്കാൻ എന്റെ അച്ഛൻ കൂടെ വേണം'
ആ മകളുടെ ഹൃദയം തകർന്നുള്ള ഈ വിളിയാണ് ഇന്ന് ഓരോ മലയാളിയുടെയും കണ്ണുനിറയ്ക്കുന്നത്. തന്റെ ശരീരത്തിലെ മുറിപ്പാടുകളേക്കാൾ വലിയ വേദനയോടെ, പ്രിയപ്പെട്ട അച്ഛന്റെ വേർപാട് താങ്ങാനാവാതെ അമൃത ഇന്ന് വിങ്ങുകയാണ്..
തന്റെ മകളുടെ സ്നേഹവും, കരുതലും അവസാന നിമിഷം വരെ അനുഭവിച്ചറിഞ്ഞാണ് പ്രദീപ് മടങ്ങിയത്. വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന അമൃതയ്ക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. പ്രദീപിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ നമുക്കും പങ്കുചേരാം...

Comments
Post a Comment