നാലുപേർക്ക് പുതുജീവൻ നൽകി ഡോക്ടർ അശ്വൻ മോഹനചന്ദ്രൻ വിടവാങ്ങി
മുക്കം: നാലുപേർക്ക് പുതുജീവൻ നൽകി ഡോക്ടർ അശ്വൻ മോഹനചന്ദ്രൻ വിടവാങ്ങി. മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോ. അശ്വൻ (32) ആണ് മരണശേഷവും സഹജീവികളിലൂടെ ജീവിക്കുക. അശ്വന്റെ കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ഉൾപ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്‌ത്.
അശ്വന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്‌പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേ രോഗിക്കും കൈമാറി. കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശിയാണ് അശ്വൻ. അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
ഡിസംബർ 20ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അശ്വനെ മുക്കം കെഎംസി.ടി മെഡിക്കൽ കോളേജിലും തുടർന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡിസംബർ 27-ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം എൻഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബർ 30ന് മസ്‌തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്റെ അവയവങ്ങൾ മരണാനന്തരം മറ്റൊരാൾക്ക് പ്രയോജനപ്പെടണമെന്നത് ഡോ. അശ്വന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. റിട്ട. അധ്യാപകൻ മോഹനചന്ദ്രൻ നായരുടെയും റിട്ട. ബാങ്ക് സെക്രട്ടറി അമ്മിണിയുടെയും മകനാണ് അശ്വൻ. അരുണിമയാണ് സഹോദരി. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് ഒരു മണിക്കൂർ കൊണ്ടാണ് അവയവം എത്തിച്ചത്._

Comments
Post a Comment