തദ്ദേശസ്ഥാപനങ്ങളിൽ കൂറുമാറിയവർ ആശ്വസിക്കാൻ വരട്ടെ; കാത്തിരിക്കുന്നത് അയോഗ്യത ഉൾപ്പെടെ വലിയ ശിക്ഷ
കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷതെരഞ്ഞെടുപ്പിൽ കൂറുമാറിയവരെ കാത്തിരിക്കുന്നത് വലിയ നടപടി. ഈ അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കാം. നിയമസഭയിലും പാർലമെന്റിലും കൂറുമാറുന്നത് പോലെയല്ല തദ്ദേശസ്ഥാപനങ്ങളിൽ കൂറുമാറുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം തടയാൻ കർശനവ്യവസ്ഥകൾ നിയമത്തിലുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 77 പേരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ അയോഗ്യരാക്കിയത്. പരാതി പരിഗണിച്ച് വാദം കേട്ടായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഭരണഘടനയുടെ പത്താം ഷെഡ്യൂൾപ്രകാരമാണ് നിയമസഭയിലെയും പാർലമെന്റിലെയും കൂറുമാറ്റം വിലയിരുത്തുന്നതെങ്കിൽ 1999ലെ കേരള ലോക്കൽ അതോറിറ്റീസ് (പ്രൊഹിബിഷൻ ഓഫ് ഡിഫക്ഷൻ) ആക്ട് അനുസരിച്ചാണ് തദ്ദേശസ്ഥാപനത്തിലെ കൂറുമാറ്റത്തിൽ വിധി പറയുന്നത്.
തദ്ദേശസ്ഥാപനത്തിലെ ഒരംഗത്തിനോ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിക്കോ പാർട്ടി ചുമതലപ്പെടുത്തുന്നയാൾക്കോ തെരഞ്ഞെടുപ്പ് കമ്മീഷനില് പരാതി നൽകാവുന്നതാണ്. കൂറുമാറ്റം തെളിഞ്ഞാൽ അയോഗ്യനാകുന്നയാൾക്ക് അടുത്ത ആറുവർഷം ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ലെന്നതാണ് ശിക്ഷ. അതായത് അടുത്ത രണ്ട് തവണത്തെ തെരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാനാവില്ല.
മൂന്ന് തരത്തിലാണ് നിയമത്തിൽ കൂറുമാറ്റത്തെ നിർവചിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപന അധ്യക്ഷൻ-ഉപാധ്യക്ഷൻ-സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്നീ തെരഞ്ഞെടുപ്പുകളിലും ഭരണസമിതി തദ്ദേശസ്ഥാപന അധ്യക്ഷൻ-ഉപാധ്യക്ഷൻ-സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്നീ തെരഞ്ഞെടുപ്പുകളിലും ഭരണസമിതി യോഗങ്ങളിലും പാർട്ടി രേഖാമൂലം നൽകുന്ന നിർദേശം ലംഘിക്കുന്നത്, മുന്നണിയുടെ പിന്തുണയോടെ വിജയിക്കുന്ന സ്വതന്ത്രൻ മറ്റ് ഏതെങ്കിലും പാർട്ടിയിൽ ചേരുകയോ മുന്നണിയുടെ ഭാഗമാകുകയോ മുന്നണി നൽകുന്ന നിർദേശങ്ങൾ ലംഘിക്കുകയോ ചെയ്യുന്നത്, മുന്നണിയുടെ ഭാഗമല്ലാത്ത സ്വതന്ത്രൻ മറ്റുപാർട്ടികളിലോ മുന്നണികളിലോ ചേരുന്നത് എന്നിവയാണ് കൂറുമാറ്റത്തിൽ ഉൾപ്പെടുന്നത്.

Comments
Post a Comment