പ്രിയപ്പെട്ടവന്റെ മരണം തീർത്ത ദുരൂഹതകൾക്ക് മുന്നിൽ തോറ്റുപോയി. ആ സഹോദരിയും യാത്രയായി...
ബത്തേരി: ഇസ്രായേലിലെ ജെറുസലേമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ വേർപാടിൽ നീതി തേടിയുള്ള പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് കോളിയാടി സ്വദേശിനി രേഷ്മ യാത്രയായി 34 വയസ്സായിരുന്നു പ്രായം. 6 മാസം മുൻപ് ഭർത്താവ് ജിനേഷ് പി. സുകുമാരൻ മരണപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും ദുരൂഹതകളിൽ നിന്നും കരകയറാനാകാതെയാണ് രേഷ്മ ജീവിതം അവസാനിപ്പിച്ചത്..
കഴിഞ്ഞ ജൂലൈ 4ന് ഇസ്രായേലിൽ കെയർ ഗീവറായി ജോലി ചെയ്തിരുന്ന ജിനേഷ് മരണപ്പെട്ട വാർത്ത നാട്ടിലെത്തുന്നത്. 80 വയസ്സുള്ള വയോധികയെ ജീവനെടുത്ത ശേഷം ജിനേഷ് സ്വയം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ സൗമ്യസ്വഭാവക്കാരനായ ജിനേഷ് അത്തരമൊരു ഉപദ്രവം ചെയ്യില്ലെന്ന് കുടുംബം ഉറച്ചു വിശ്വസിച്ചു. പുറത്തുനിന്നുള്ള ആരോ നടത്തിയ കൃത്യമാണ് ഇതെന്ന സൂചനകൾ പിന്നീട് വന്നെങ്കിലും, ഇന്ത്യൻ എംബസിയിൽ നിന്നോ ഇസ്രായേൽ അധികൃതരിൽ നിന്നോ കൃത്യമായ മറുപടി ലഭിക്കാൻ രേഷ്മ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളെയും അധികൃതരെയും നിരന്തരം ഫോണിൽ വിളിച്ച് തന്റെ ഭർത്താവിന്റെ മരണകാരണം രേഷ്മ ചോദിച്ചുകൊണ്ടിരുന്നു. എന്റെ ഭർത്താവിന് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞു തരാമോ? എന്ന അവരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പ്രവാസി മലയാളി സമൂഹവും പലപ്പോഴും നിശബ്ദരാകേണ്ടി വന്നു. ഏറ്റവും ഒടുവിൽ വിളിച്ചപ്പോൾ പോലും എംബസിയുടെ മറുപടിക്കായി കാത്തിരിക്കുക ആണെന്നാണ് ആ സഹോദരി പറഞ്ഞിരുന്നത്.
ജിനേഷിനും രേഷ്മയ്ക്കും പിന്നാലെ അവരുടെ ഏക മകൾ തമ്പുരു മാത്രം ഇനി ബാക്കി. അച്ഛന്റെ മരണത്തിലെ സത്യമെന്തെന്ന് അറിയാതെ അമ്മയും പോയതോടെ ഈ കുരുന്നിന്റെ ജീവിതം ചോദ്യചിഹ്നമായി മാറുകയാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇസ്രായേലിലെ ആ ദുരൂഹ മരണത്തോടെ തകർന്നടിഞ്ഞത്. ചോദ്യങ്ങൾ ബാക്കിയാക്കി രേഷ്മ മടങ്ങുമ്പോൾ, പ്രവാസി മലയാളികളുടെ സുരക്ഷയിലും മരണാനന്തരമുള്ള അന്വേഷണങ്ങളിലും അധികൃതർ പുലർത്തുന്ന മെല്ലെപ്പോക്കിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്..

Comments
Post a Comment