'മോളേ എന്ന വിളി ഇനിയും കേൾക്കണം'; അച്ഛന്റെ കരളായി അമൃത; കരൾപകുത്തുനൽകി 19-കാരി
കൊടുമൺ(പത്തനംതിട്ട): ജീവന്റെ ജീവനായ അച്ഛന്റെ ജീവൻ രക്ഷിക്കണം. അതിനായി അമൃത തന്റെ കരൾ പകുത്തുനൽകി. കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി. കുറുപ്പ് (47) കരൾരോഗബാധിതനായി അഞ്ചുവർഷമായി ചികിത്സയിലായിരുന്നു. ഒരുവർഷമായി രോഗം ഗുരുതരമായിരുന്നു.
വീട്ടമ്മയായ ഭാര്യ സിനിയും വിദ്യാർഥികളായ മക്കൾ അരുണും അമൃതയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പ്രദീപ്. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. രോഗിയായതോടെ ജോലി നിർത്തേണ്ടിവന്നു. മക്കളുടെ പഠനം നിലച്ചു.
പ്രദീപിന്റെ ചികിത്സയ്ക്കുപോലും പണം കണ്ടെത്താൻ കഴിയാതെയായി. കരൾ മാറ്റിവെച്ചില്ലെങ്കിൽ പ്രദീപിന്റെ ജീവന് ആപത്താണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ആര് കരൾ നൽകുമെന്നായപ്പോൾ, മകൾ അമൃത (19) സ്വയം അത് നൽകാൻ മുന്നോട്ടു വരുകയായിരുന്നു. കരൾ മാറ്റിവെക്കുന്നതിന് പണം സ്വരൂപിക്കാനും ഏറെ ബുദ്ധിമുട്ടി.
നാട്ടുകാരുടെ സഹായം തേടി. കുറച്ചുതുക കിട്ടി. അമർഷാൻ എന്ന സന്നദ്ധസംഘടനയും സഹായത്തിനെത്തി. അവരുടെ ഇടപെടലിൽ തുക സ്വരൂപിക്കാനായി. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ, അമൃതയുടെ കരളിൻ്റെ ഒരുഭാഗം സ്നേഹനിധിയായ അച്ഛന് നൽകി.
'മോളേ എന്ന് ഇനിയും അച്ഛൻ വിളിക്കുന്നത് കേൾക്കണം, അതിനായി എൻ കരളല്ല ജീവൻതന്നെ നൽകാനും തയ്യാറാണ്' എന്ന അമൃതയുടെ വാക്കുകൾ കണ്ണുനിറയ്ക്കുന്നതായി. അച്ഛന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ശസ്ത്രക്രിയയിൽ വെല്ലുവിളികൾ ഉണ്ടെന്നും ഡോക്ടർമാർ അറിയിച്ചപ്പോഴും, ആത്മവിശ്വാസത്തോടെ ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളുകയായിരുന്നു അമൃത. പ്ലസ് ടു പാസായ അമൃത തുടർപഠനവും സ്വപ്‌പ്നം കാണുന്നു.

Comments
Post a Comment