പ്രതിസന്ധികളെ ഊർജ്ജമാക്കി ജീവിതം തുന്നിച്ചേർക്കുകയാണ് ഡയാന ലിസി
പേരാമ്പ്ര: ഇത് രാജസ്ഥാൻകാരിയായ ശിവാനി. പ്രതിസന്ധികളോട് പൊരുതി ജയിക്കണമെന്ന് പഠിപ്പിച്ച കൊയിലാണ്ടിക്കാരനായ ടി.പി കോയസ്സൻ ഇവർക്കിട്ട പേര് മുംതാസ് മുഹമ്മദ് എന്നായിരുന്നു. രാജസ്ഥാനിൽ നിന്നും പറിച്ചെറിയപ്പെട്ട് ഇങ്ങ് കേരളത്തിലെത്തി പേരാമ്പ്രയുടെ സ്പന്ദനങ്ങളറിഞ്ഞ് പേരാമ്പ്രക്കാരിൽ ഒരാളായി മാറിയ ഇവരി ന്ന് അറിയപ്പെടുന്നതാവട്ടെ മറ്റൊരു പേരിലും .... ഡയാന ലിസി...
ഉള്ള് പൊള്ളുന്ന വേഷങ്ങൾ ആടിത്തീർക്കാൻ വിധിക്കപ്പെട്ട പെണ്ണൊരുത്തി, ബാല്യകൗമാരങ്ങൾ സമ്മാനിച്ച വേദനകളെ ഊർജ്ജമാക്കി,സഹജീവി സ്നേഹവും കരുണയും കരുതലുമായിരിക്കണം ജീവിതമെന്ന മഹത്തായ സന്ദേശം പ്രവർത്തിയിലൂടെ കാണിച്ചു തരികയാണ്.
സ്വത്ത് കൈക്കലാക്കാൻ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അമ്മാവൻമാരിൽ നിന്നും രക്ഷപ്പെട്ടാണ് ശിവാനി അച്ചനൊപ്പം രാജസ്ഥാനിൽ നിന്നും തീവണ്ടി കയറുന്നത്. ഇല്ലെങ്കിൽ അമ്മയെ കൊലപ്പെടുത്തിയതുപോലെ അവർ തന്നെയും കൊല്ലും. ടിക്കറ്റെടുക്കാൻ പോലും കാശില്ല.എവിടെയെങ്കിലും പോയി ഭിക്ഷയെടുത്ത് ജീവിക്കാമെന്ന തീരുമാനത്തിലാണ് വണ്ടി കയറുന്നത്. ആ തീവണ്ടിയിലെ ടിക്കറ്റ് എക്സാമിനർക്ക്, ആസിഡാക്രമണത്തിൽ ഉരുകിയൊലിച്ച കഴുത്തുമായി കയറിയ പെൺകുട്ടിയോട് തോന്നിയ ദയയായിരുന്നു സുരക്ഷിതമായ ഒരിടത്ത് ഇറങ്ങണമെന്ന നിർദ്ദേശം.
ഒടുവിൽ എത്തപ്പെടുന്നതാവട്ടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലും. അപരിചിതമായ ആ നഗരത്തിൽ പകൽ പ്ലാസ്റ്റിക് വസ്തുക്കൾ പെറുക്കിയും രാത്രി കടത്തിണ്ണകളിൽ ഉറങ്ങിയും കഴിച്ചുകൂട്ടി.
കൊയിലാണ്ടി പട്ടണത്തിൽ ലോഡ്ജ് നടത്തിയിരുന്ന ടി.പി. കോയസ്സനു കടത്തിണ്ണയിൽ പെൺകുട്ടി ഉറങ്ങുന്നത് കണ്ട് സങ്കടം തോന്നുന്നു. ആ ദയയിൽ കിടക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും വസ്ത്രങ്ങളും കിട്ടുന്നു. ആ സൗകര്യങ്ങൾ അധികനാൾ നീണ്ടു നിന്നില്ല. കോയസ്സൻ്റെ മരണത്തോടെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. പിന്നീട് എത്തപ്പെടുന്നത് കുറ്റ്യാടി പട്ടണത്തിൽ. പഴയ സാധനങ്ങൾ പെറുക്കി വിറ്റ് കിട്ടുന്ന തുച്ഛമായ കൂലി. അവിടെ വെച്ച് പരിചയപ്പെട്ട പഞ്ചായത്ത് ലൈബ്രറിയിലെ പാർട്ട് ടൈം സ്വീപ്പർ ആയിരുന്ന ഗോപാലേട്ടൻ്റെ സംരക്ഷണം തെല്ലൊരാശ്വാസം നൽകി. ഗോപാലേട്ടൻ അവിടെ നിന്നും പോയതോടെ വീണ്ടും ദുരിത ജീവിതത്തിലേക്ക്. പിന്നീട് വീട്ടുജോലിക്കാരിയായി പല പല വീടുകളിൽ. കുറ്റ്യാടിയിലെ ജമീല ടീച്ചർ മലയാളം വായിക്കാൻ പഠിപ്പിച്ചു.
കുറ്റ്യാടിയിൽ ചെരിപ്പ് തുന്നുന്ന ഇബ്രായിക്കയെ പരിചയപ്പെട്ടതാണ് ജീവിതം മാറ്റിമറിക്കുന്നത്. ഇബ്രായിക്കയാണ് ചെരുപ്പുതുന്നുന്നതും പൊട്ടിയ ബക്കറ്റ് ഒട്ടിക്കുന്നതും പഠിപ്പിച്ചത്.
ബക്കറ്റ് ഒട്ടിച്ചു കൊണ്ട് വീടുകൾ തോറും കയറിയിറങ്ങി ഒടുവിൽ പേരാമ്പ്രയിലെത്തി. ജോലി സാധ്യത കണക്കിലെടുത്ത് പേരാമ്പ്രയിൽ തങ്ങാൻ തീരുമാനിച്ചു.
ഇതിനിടയിൽ അച്ഛൻ അവിടെ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമരശ്ശേരിയിലേക്ക് പോയി.
പേരാമ്പ്ര അങ്ങാടിയിൽ അടച്ചിട്ട കടകൾക്ക് മുന്നിലിരുന്ന് ചെരുപ്പുകൾ തുന്നാൻ തുടങ്ങി. കടവരാന്തയിൽ ആയിരുന്നു ഉറക്കം. ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോൾ രണ്ടു പേർ ചേർന്ന് എടുത്തു കൊണ്ടുപോവാൻ നോക്കി. ബഹളം വെച്ചപ്പോൾ ആരൊക്കെയോ ചേർന്ന് രക്ഷിച്ചു. അവിടെയെത്തിയ പോലീസുകാരുടെ നിർദ്ദേശത്താൽ സ്റ്റേഷനു മുന്നിലുള്ള കടവരാന്തയിലായി പിന്നീടുള്ള ഉറക്കം.
പൊലീസ് സ്റ്റേഷൻ മറ്റൊരിടത്തേക്ക് മാറിയപ്പോൾ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. പിന്നീട് വാടക വീട്ടിലേക്ക് മാറി. തെരുവിൽ അന്തിയുറങ്ങുന്ന കാലത്തും ചെരുപ്പ് തുന്നിക്കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നൊരു വിഹിതം പാവപ്പെട്ടവർക്കായി നൽകിയിരുന്നു.
പേരാമ്പ്ര പട്ടണത്തിൽ നിന്നും കളഞ്ഞുകിട്ടിയ എൺപത്തിരണ്ടായിരം രൂപയും ഒന്നര പവൻ്റെ മാലയും അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതോടെയാണ് ലിസി പത്രവാർത്തകളിൽ ഇടം നേടുന്നത്. ലിസിയുടെ സത്യസന്ധതയിൽ കൂത്താളിയിലെ മണിയോത്ത് നാരായണൻ്റെ സ്വർണ്ണവും പണവുമാണ് തിരികെ ലഭിച്ചത്.
എല്ലാ അധ്യായന വർഷങ്ങളുടെയും ആരംഭത്തിൽ വെൽഫെയർ സ്കൂളിൽ പഠനോപകരണങ്ങൾ നൽകും. ദയ പാലിയേറ്റീവ് കേന്ദ്രത്തിൽ തന്നാലാവുന്ന സഹായങ്ങൾ ചെയ്യും..
ഇന്ന് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പണിതു നൽകിയ വീട്ടിലാണ് ഡയാന ലിസി താമസിക്കുന്നത്. അരക്ഷിതത്വത്തിൻ്റെ ആശങ്കയിൽ നിന്നും സുരക്ഷിതത്വത്തിൻ്റെ തണലിലായതിൻ്റെ ആശ്വാസമുണ്ട്..
സ്വപ്നങ്ങൾ ഉണ്ട്... വീടില്ലാത്തവർക്കായി വീടു പണിതു കൊടുക്കണം. ചെരിപ്പ് തുന്നുമ്പോൾ മഴയും വെയിലും കൊള്ളാതെ ഇരിക്കാവുന്ന ഒരിടം സ്വന്തമാക്കണം...

Comments
Post a Comment