ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത് കോഴിക്കോട് സ്വദേശികൾ; അഞ്ച് പേരെയും സുരക്ഷിതമായി താഴെയിറക്കി
ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിംങ്ങിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിതമായി താഴെയിറക്കി. കോഴിക്കോട് സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളും സംഘത്തിലുണ്ട്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.
ക്രെയിനിന്റെ തകരാണ് സ്കൈ ഡൈനിംങ്ങിൽ കുടുങ്ങിക്കിടക്കാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിനോദസഞ്ചാരികൾ സ്പെ ഡൈനിങ്ങിൽ കുടുങ്ങിയത്. നാലരയോടെയാണ് അഞ്ച് പേരെയും താഴെയിറക്കിയത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികൾ കുടങ്ങിക്കിടന്നിരുന്നത്.
രണ്ടുമാസം മുൻപാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ആദ്യഘട്ടത്തിൽ സ്കൈ ഡൈനിങ് അധികൃതർ ഫയർഫോഴ്‌സ് സഹായം തേടിയിരുന്നില്ല. ഇതാണ് രക്ഷാപ്രവർത്തനം നീണ്ടുപോകാനിടയാക്കിയത്.

Comments
Post a Comment