കൂരാച്ചുണ്ട് / ചക്കിട്ടപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജമദ്യ നിർമാണം തകൃതി



 കൂരാച്ചുണ്ട് / ചക്കിട്ടപാറ:  തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂരാച്ചുണ്ട്,  ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാജമദ്യ നിർമാണം തകൃതി. എക്സൈസ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നില്ലെന്നും പരിശോധന കർശനമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വിദേശ മദ്യം വാങ്ങി കൊണ്ടു വന്ന് വിൽപന നടത്തുന്ന സംഘവും കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തിന്റെ  വിവിധ അങ്ങാടികൾ കേന്ദ്രീകരിച്ച്  സജീവമാണ്.  കൂരാച്ചുണ്ട് പഞ്ചായത്തിലെ  27-ാം മൈൽ, കിളികുടുക്കി, മണിച്ചേരി, കാറ്റുള്ളമല, നമ്പികുളം, ഇടിഞ്ഞകുന്ന്, കരിയാത്തും പാറ, കക്കയം മലമുകളിൽ വ്യാജ വാറ്റ് നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ ഓട്ടപ്പാലം, വട്ടച്ചിറ ശങ്കരവയൽ, കാളങ്ങാലി, കല്ലാനോട്, താന്നിയാംകുന്ന്, കേളോത്തുവയൽ ഭാഗങ്ങളിലും മദ്യ ലോബി പിടിമുറുക്കിയതായി നാട്ടുകാർ പറയുന്നു.

ചക്കിട്ടപാറ പഞ്ചായത്തിലെ നരിനട, പെരുവണ്ണാമൂഴി, മുതുകാട്, ചെമ്പനോട, പൂഴിത്തോട്, ചക്കിട്ടപാറ തുടങ്ങിയ ഭാഗങ്ങളിൽവ്യാജ മദ്യ വിൽപന നടക്കുന്നതായി നാട്ടുകാർ പറഞ്ഞു

എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്. വനം അതിർത്തി മേഖലകളും ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിലും എസ്റ്റേറ്റ് മേഖലകളിലുമാണ് വ്യാജമദ്യം നിർമാണം തകൃതിയായി നടക്കുന്നത്.

 പേരിനുമാത്രം പരിശോധന നടത്തുകയും ഏതെങ്കിലും സ്‌ഥലത്ത് വ്യാജ മദ്യ നിർമാണത്തിനായി സൂക്ഷിച്ചിരിക്കുന്ന കോട കണ്ടെത്തുകയും ചെയ്യുന്നതു മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നു മുൻ വർഷങ്ങളിൽ ചെയ്തിട്ടുള്ള ഏക നടപടിയെന്നും,   കോട കലക്കി വച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചാൽ മാത്രം കണ്ടെത്തുന്നതിനാണു രീതിയെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ഇപ്പോൾ ഒറ്റപ്പെട്ട വീടുകളിൽ വരെ വ്യാജ മദ്യ നിർമാണം നടക്കുന്നുണ്ട്. ഇത്തരം മേഖലകളിൽ പരിശോധനകൾ കർശനമാക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി