കൂരാച്ചുണ്ടിൽ സബ് ട്രഷറിക്ക് പഞ്ചായത്ത് ഭൂമി കൈമാറുന്നു
കൂരാച്ചുണ്ട്: നാടിന്റെ ചിരകാല സ്വപ്നമായ സബ് ട്രഷറിക്ക് സ്വന്തമായൊരു കെട്ടിടം എന്ന വികസന നേട്ടത്തിനരികിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്. കെട്ടിടത്തിനാവശ്യമായ 6 സെൻറ് ഭൂമി പഞ്ചായത്ത് വക നൽകുവാനായി നടപടിക്രമങ്ങൾ പൂർത്തിയായി. സർക്കാർ ഉത്തരവും ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള ജില്ലാ കളക്ടറുടെ നടപടി ക്രമങ്ങളും പൂർത്തിയാക്കി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പഞ്ചായത്ത് പ്രതിനിധികൾ ഭൂമിയുടെ രേഖകൾ ട്രഷറി അധികാരികൾക്ക് കൈമാറും.
2011 -2016 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കൂരാച്ചുണ്ട് മലയോര ഗ്രാമത്തിൽ സബ് ട്രഷറി അനുവദിച്ചു കിട്ടിയത്. അന്ന് മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന സബ് ട്രഷറിക്കായി ആദ്യ രണ്ട് വർഷങ്ങളിൽ വാടക നല്കിപ്പോന്നത് ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുമായിരുന്നു. അന്ന് മുതൽ സ്വന്തമായി ഒരു കെട്ടിടം നിർമ്മിക്കുവാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. പിന്നീട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും സബ് രജിസ്റ്റർ ഓഫീസിനടുത്തുള്ളതുമായ ആറു സെൻറ് ഭൂമി ഭരണസമിതി കണ്ടെത്തി നൽകുകയായിരുന്നു.

Comments
Post a Comment