പേരാമ്പ്രയിൽ യുവതിയെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചതിൽ പ്രധാന തെളിവായത് ഗോതമ്പ് ചാക്ക്
പേരാമ്പ്ര: പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ പൈതോത്ത് റോഡിൽ മൊയോത്ത് ചാലിൽ വച്ച് ഇരുചക്ര വാഹനം ഇടിക്കുകയും വാഹനം നിർത്താതെ പോവുകയും ചെയ്‌തിരുന്നു. എന്നാൽ യുവതിയെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചതിൽ പ്രധാന തെളിവായത് ഗോതമ്പ് ചാക്കാണ്.
ഈ മാസം ഒമ്പതാം തീയതിയാണ് സംഭവം. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. തുടർന്ന് പൊലീസ് ഇൻസ്പെക്‌ടർ ജംഷീദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും അപകടം നടത്തിയത് ഒരു വെള്ള സ്കൂട്ടർ ആണെന്നും അതിൽ ഒരു ചാക്ക് ഗോതമ്പ് ഉണ്ടായിരുന്നു എന്നും പൊലീസ് മനസ്സിലാക്കിയത്.
തുടർന്ന് പേരാമ്പ്ര പരിസരങ്ങളിലെ റേഷൻകടയിൽ നിന്നും 9-ാം തിയ്യതി ഗോതമ്പ് വാങ്ങിയവരുടെ വിവരം ശേഖരിക്കുകയും പ്രദേശത്തെ സിസിടിവികൾ പരിശോധിക്കുകയും സിസിടിവിയിൽ ഒരാൾ വെള്ള സ്കൂട്ടറിന്റെ മുന്നിൽ ചാക്ക് വെച്ച് വരുന്നതായും കണ്ടു. അന്നേ ദിവസം ഇയാൾ പൈതോത്ത് റോഡിലെ റേഷൻ കടയിൽ നിന്നും ഗോതമ്പ് വാങ്ങിയതായി പൊലീസിന് വ്യക്തമായി.
റേഷൻ കടയിൽ പോയി അന്വേഷിച്ചെങ്കിലും അന്നേദിവസം അവിടെ നിന്നും ഗോതമ്പ് ആരും വാങ്ങിയിട്ടില്ല എന്ന ഉടമയുടെ മറുപടി പൊലീസിനെ വട്ടം കറക്കി. എന്നാൽ കൊയിലാണ്ടി സപ്ലൈ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അവിടെ നിന്നും തന്നെയാണ് ഗോതമ്പ് വാങ്ങിയതെന്നും റേഷൻ കടയുടമ പറഞ്ഞത് കള്ളമാണെന്നും പൊലീസ് കണ്ടെത്തി.
തുടർന്ന് ഇടിച്ച വാഹനത്തിൻ്റെ ഉടമയെ ചോദ്യം ചെയ്തപ്പോൾ വാഹന ഉടമ ആദ്യം നിഷേധിക്കുകയും പിന്നീട് പൊലീസിന്റെ നിരന്തര ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ എഎസ്ഐ രാജേഷ് മേക്കാട്, എസ് സിപിഒ ബോബി, സിപിഒ വിശാഖ്, ഡിവൈഎസ്‌പി സ്ക്വാഡ് അംഗം സിഞ്ചുദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Comments
Post a Comment