കലാശപ്പോരിലും പാകിസ്താനെ വീഴ്ത്തി ഇന്ത്യയ്ക്ക് 9-ാം ഏഷ്യാ കപ്പ് കിരീടം
ദുബായ്: മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകൾ കളഞ്ഞുകുളിച്ച പാകിസ്താൻ. തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും അപാരമായ അതിജീവനശേഷി കൈവരിച്ച് വിജയിക്കുംവരെ പൊരുതിയ ഇന്ത്യ. ക്രിക്കറ്റിലെ ചിരവൈരികൾ തമ്മിലുള്ള ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒൻപതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയിൽ നേർക്കുനേർ വന്നപ്പോൾ, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂർണമെന്റിൽ ഒരു തോൽവി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പാകിസ്‌താൻ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും.
അർധ സെഞ്ചുറി നേടിയ തിലക് വർമയും നാലു വിക്കറ്റുകൾ നേടി പാക് നിരയെ തകർത്ത കുൽദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനൽ ഹീറോകൾ. പാകിസ്‌താനുവേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം മറികടന്നു. സ്കോർ: 150/5. ഒരു ഘട്ടത്തിൽ 20-ന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, തിലക് വർമയും സഞ്ജു സാംസണും ചേർന്നാണ് വീണിടത്തുനിന്ന് എഴുന്നേൽപ്പിച്ചത്. 53 പന്തുകൾ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റൺസ് നേടി. തിലകിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ കിരീടവിജയത്തിൽ ഏറ്റവും നിർണായകമായത്.
പിന്നീട് നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു. 13-ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി. അബ്റാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ചായാണ് പുറത്താവൽ. ഒരു സിക്‌സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്.
പിന്നീട് തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു. തിലകിനൊപ്പം അഞ്ചാംവിക്കറ്റിൽ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തിൽ 33 റൺസ് നേടിജയത്തിൽ സുപ്രധാന പങ്കുവഹിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ചേർന്ന ഇന്നിങ്സാണ് ദുബെയുടേത്. ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്. പാകിസ്‌താനുവേണ്ടി ഫഹീം അഷ്റഫ് മൂന്നും ഷഹീൻ അഫ്രീദി, അബ്റാർ അഹ്മദ് എന്നിവർ ഓരോന്നും വിക്കറ്റുകൾ നേടി.
147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമയെയാണ് ആദ്യം നഷ്‌ടപ്പെട്ടത്. ഫഹീം അഷ്റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ മടങ്ങുമ്പോൾ ആറു പന്തിൽ അഞ്ച് റൺസാണ് അഭിഷേക് നേടിയത്. ശുഭ്മാൻ ഗില്ലും (12) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (1) പിന്നാലെ മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്.
തുടക്കം സൂപ്പർ, ഒടുക്കം പാളി
നേരത്തേ പാകിസ്‌താൻ ഇന്ത്യക്ക് മുന്നിൽ 147 റൺസ് വിജയ ലക്ഷ്യമുയർത്തി. ആദ്യ പത്തോവറിലെ മികച്ച പ്രകടനത്തിനുശേഷമാണ് പാകിസ്താൻ ദയനീയമായി തകർന്നത്.
15 റൺസെടുക്കുന്നതിനിടെയാണ്അവസാന ആറു വിക്കറ്റുകൾ വീണത്. ഇന്ത്യക്കായി നാലു വിക്കറ്റ് നേടി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ പാകിസ്താനുവേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ അർധ സെഞ്ചുറി നേടി. 19.1 ഓവറിൽ 146 റൺസാണ് പാകിസ്‌താൻ നേടിയത്.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 84 റൺസെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റൺസ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി. അതിൽത്തന്നെ അവസാന ആറു വിക്കറ്റുകൾ വീണത് 15 റൺസെടുക്കുന്നതിനിടെ. അവസാന ഒൻപത് വിക്കറ്റുകൾക്കായി ഇന്ത്യ ചെലവഴിച്ചത് വെറും 38 പന്തുകൾ.
ഓപ്പണർ സാഹിബ്‌സദ ഫർഹാൻ അർധസെഞ്ചുറി നേടി പുറത്തായി. 38 പന്തുകളിൽനിന്ന് 57 റൺസാണ് സമ്പാദ്യം. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.
നിലയുറപ്പിച്ച ശേഷം തകർത്തുകളിച്ച സാഹിബ്‌സദ, ജസ്പ്രീത് ബുംറയെയും കുൽദീപ് യാദവിനെയുമടക്കം കടന്നാക്രമിച്ചു. മറുവശത്ത് ഫഖർ മികച്ച പിന്തുണ നൽകി നിലയുറപ്പിച്ചു. ഒടുവിൽ പത്താം ഓവറിൽ വരുൺ ചക്രവർത്തിയെത്തിയാണ് സഹിബ്‌സാദയെ പുറത്താക്കിയത്. തിലക് വർമയ്ക്ക് ക്യാച്ചായാണ് മടക്കം.
തുടർന്നെത്തിയ സായിം അയ്യൂബിനെ 13-ാം ഓവറിൽ കുൽദീപ് യാദവും മടക്കി. ബുംറയ്ക്ക് ക്യാച്ചായി പുറത്താവുകയായിരുന്നു. 11 പന്തിൽ 14 റൺസാണ് സമ്പാദ്യം. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ പൂജ്യത്തിന് മടക്കിയതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷയുണർന്നു. രണ്ടുപന്തുകൾ മാത്രമാണ് ഹാരിസ് നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണർ ഫഖർ സമാനാണ് നാലാമതായി പുറത്തായത്. കുൽദീപിന്റെ കൈകളിലേക്ക് നൽകി വരുൺ മത്സരത്തിലെ തൻ്റെ രണ്ടാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. 35 പന്തിൽ രണ്ടുവീതം സിക്സും ഫോറുമായി 46 റൺസാണ് സമ്പാദ്യം.
ഹുസൈൻ തലാത്തിനെ (1) വിക്കറ്റ് കീപ്പർ സഞ്ജു സാംസൻ്റെ കൈകളിലേക്ക് അയച്ച് അക്ഷർ പട്ടേലും വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റൻ സൽമാൻ ആഗ പുറത്താവുന്നതിലും സഞ്ജുവിന്റെ കൈകൾ പ്രവർത്തിച്ചു. സാംസൺ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താവുമ്പോൾ ഏഴുപന്തിൽ എട്ട് റൺസാണ് ക്യാപ്റ്റൻ്റെ സമ്പാദ്യം. ഷഹീൻ അഫ്രീദിയെയും ഫഹീം അഷ്റഫിനെയും മടക്കി കുൽദീപ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. ഹാരിസ് റൗഫിനേയും (6) മുഹമ്മദ്നവാസിനെയും (6) ബുംറയാണ് പുറത്താക്കിയത്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ പുറത്തായി. പകരം റിങ്കുസിങ്ങിനെ ടീമിൽ ഉൾപ്പെടുത്തി.പാകിസ്താൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.
അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരും സ്ക്വാഡിലില്ല. ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവരെ ഉൾപ്പെടുത്തി. ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ വരുന്നത്. അതേസമയം 15 ദിവസത്തിനിടെ ഇരുടീമുകളും തമ്മിൽ മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്.




Comments
Post a Comment