യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് രണ്ടാഴ്ച; ഭർത്താവ് വീട്ടിൽ മരിച്ചനിലയിൽ
പത്തനംതിട്ട: നിരണത്തുനിന്ന് രണ്ടുമക്കൾക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടിൽ അനീഷ് മാത്യു(41)വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടിൽ ഞായറാഴ്‌ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റീനയെയും രണ്ടുമക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷിന്റെ മരണം.
ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളായ അക്ഷര(8), അൽക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെ റീന മക്കൾക്കൊപ്പം ബസിൽ യാത്രചെയ്യുന്നതിൻ്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
റീനയുടെയും മക്കളുടെയും തിരോധാനത്തിൽ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോലീസിൽനിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
അനീഷും റീനയും തമ്മിൽ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നതായാണ് പറയുന്നത്. ദമ്പതിമാരും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്. അതേസമയം, റീനയെ കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് റീനയുടെ സഹോദരനാണ് തിരോധാനത്തിൽ പുളിക്കീഴ് പോലീസിൽ പരാതി നൽകിയത്.

Comments
Post a Comment