നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ: കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഓഫിസ്





യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ, നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമെന്നാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.

തലാലിന്റെ നീതിക്ക് വേണ്ടിയുള്ള ആക്ഷൻ കൗൺസിലിന്റെ പ്രതിനിധിയും യമൻ ആക്ടിവിസ്റ്റും ആയ സർഹാൻ ഷംസാൻ അൽ വിസ്വാബി ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. മതപണ്ഡിതന്മാരുടെ ശക്തമായ ഇടപെടലിലൂടെ വധശിക്ഷ പൂർണമായി ഒഴിവാക്കിയിട്ടുണ്ട് എന്നും ജയിൽ മോചനമോ ജീവപര്യന്തമോ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ എന്നുമാണ് സർഹാൻ ഷംസാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് മുഖാന്തിരം ആയിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഈ കേസിൽ നിർണായകമായ ഇടപെടലുകൾ നടത്തിയതും വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചതും.

നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി