വിലങ്ങാടിൻ്റെ പുനരുദ്ധാരണത്തിന് തുടർപദ്ധതികൾ ഉണ്ടാകും - മാർ റമീജിയോസ് ഇഞ്ചനാനിയിൽ
വിലങ്ങാട്: വിലങ്ങാട് പ്രദേശത്തെ ജനങ്ങൾക്ക് തുടർ ജീവിതത്തിന് സൗകര്യമൊരുക്കാൻ കത്തോലിക്ക സഭ കൂടെയുണ്ടാകുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും മാർ ഇഞ്ചനാനിയിൽ.
വിലങ്ങാട് പ്രകൃതി ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയായ ദിനത്തിൽ വിലങ്ങാട് ദുരിതബാധിതർക്ക് കത്തോലിക്കാ സഭയുടെ സാന്ത്വനസ്‌പർശമായി നിർമ്മിക്കുന്ന 65 വീടുകളിൽ പതിനഞ്ചാമത്തെ വീടിൻ്റെ വെഞ്ചിരിപ്പ് കർമത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 65 വീടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കാൻ പരിശ്രമിക്കണമെന്ന് പിതാവ് ഓർമിപ്പിച്ചു.
പദ്ധതിയിലെ 53-ാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം കെ എസ് എസ് എഫ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ നടത്തി.
കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിലങ്ങാട് പുനരധിവാസ പദ്ധതി ദുരിതബാധിതർക്ക് വലിയ ആശ്വാസമായി മാറുകയാണ്. പദ്ധതിയുടെ ഭാഗമായി 65 വീടുകൾ നിർമ്മിക്കുന്നതിൽ 41 വീടുകൾക്ക് കെസിബിസി നേരിട്ട് സഹായിക്കുന്നു. ബാക്കിയുള്ള 24 വീടുകൾ വിവിധ സന്യാസസഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പൂർത്തീകരിക്കും.

Comments
Post a Comment