കരിയാത്തുംപാറയിലേക്ക് പോകാം; ഇന്ന് മുതൽ തുറക്കുന്നത് 46 ദിവസങ്ങൾക്ക് ശേഷം
കരിയാത്തുംപാറ: ടൂറിസം മാനേജ്മെൻ്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ബുധനാഴ്ച മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു.
കനത്ത മഴയെ തുടർന്ന് ജൂൺ 15 മുതലാണ് ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടിരുന്നത്. കക്കയം, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന നൂറ് കണക്കിന് സഞ്ചാരികളാണ് കരിയാത്തുംപാറയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കാതെ മടങ്ങുന്ന സാഹചര്യമായിരുന്നു. വിവിധ മേഖലയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി കരിയാത്തുംപാറയിലെത്തുമ്പോഴാണ് ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ട വിവരം അറിഞ്ഞിരുന്നത്. ടൂറിസ്റ്റ് കേന്ദ്രം അടച്ചതോടെ പ്രദേശത്തെ വ്യാപാരികളുടെ വരുമാനം നിലച്ചതിനെ കുറിച്ചും, സഞ്ചാരികൾ നേരിടുന്ന പ്രയാസത്തെ കുറിച്ചും 'മാതൃഭൂമി' വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് കരിയാത്തുംപാറ. മലനിരകളുടെയും പുൽമേടുകളുടെയും മനോഹാരിതകാരണം കരിയാത്തുംപാറയെ മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം വിളിക്കാറുണ്ട്.
ഹൃദയംകവരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായി കാണുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും ആകർഷണം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശം കൂടിയാണിവിടം. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയും പൈൻ മരങ്ങളും മാനം മുട്ടുന്ന മലകളും ആണ് കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നത്. ബീച്ച് മേഖലയിലെ പ്രദേശവാസികളായ കൂടുതൽ ഗൈഡുകളെ നിയമിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.,

Comments
Post a Comment